KOYILANDY DIARY.COM

The Perfect News Portal

ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ

ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി.

കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല ഭാഗങ്ങളിലായി വലിയ രീതിയിൽ തീ പടരുന്നുണ്ട് അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ.

 

3 കപ്പലുകൾ ഒരുമിച്ച് ഇന്നലെ രാത്രി നടത്തിയ ഫയർ ഫെയ്റ്റിങ്ങും ഫലം കണ്ടു തുടങ്ങിയിരുന്നു. ICGS സമർത്, സഛേത്, സമുദ്ര പ്രഹർ എന്നീ കപ്പലുകൾ ഓപ്പറേഷൻ തുടരുകയാണ്. കടലിൽ വീണ കണ്ടെയ്നർ പൊട്ടി ഡാമേജ് ഒഴിവാക്കാൻ പോലൂഷൻ കണ്ട്രോൾ വെസൽ ദൗത്യം തുടരുന്നുണ്ട്. ഇതിനിടെ ദൗത്യ മേഖലയിൽ നില യുറപ്പിച്ചിരുന്ന നേവിയുടെ വലിയ പട കപ്പൽ INS സത്ലജിനെ പിൻവലിച്ചു. MSC എൽസ 3 യുടെ സർവ്വേ ദൗത്യവുമായാണ് മടങ്ങിയത്.

Advertisements

 

അതേസമയം, കപ്പലിൽ നിന്ന് പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന ചില ജീവനക്കാരുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഒരാൾ ആശുപത്രി വിട്ടു. ചൈനീസ് പൗരൻ ഗുവോ ലെനിനോ ആണ് പരുക്ക് ഭേദമായി ആശുപത്രി വിട്ടത്. ഗുരുതരമായി പരുക്കേറ്റ ലൂ എൻലി, സോണിറ്റൂർ എസൈനി എന്നിവർ ഐസിയുവിൽ തുടരുകയാണ്. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മറ്റൊരാൾക്ക് കൂടി നാളെയോ മറ്റെന്നാളോ ആശുപത്രി വിടാൻ ആകും എന്നാണ് വിലയിരുത്തൽ. 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 18 പേരാണ് രക്ഷാ ബോട്ടിൽ കയറി രക്ഷപ്പെട്ടത്. ഇനി കണ്ടെത്താനുള്ളത് നാല് ജീവനക്കാരെയാണ്. ഇവർക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

Share news