KOYILANDY DIARY

The Perfect News Portal

ഐ.പി.എൽ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

ഐ.പി.എൽ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും വിജയം നേടിയത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം 4 പന്തുകള്‍ ബാക്കി നിൽക്കെയാണ് ഗുജറാത്ത് നേടിയെടുത്തത്.

ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 36 പന്തുകളില്‍ നിന്ന് 6 ഫോറും 3 സിക്സും അടിച്ച് 63 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. 27 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ മിന്നുന്ന പ്രകടനം നടത്തി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 25 റണ്‍സുമായി തിളങ്ങി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് നടത്തിയ പ്രകടനം ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. രാഹുല്‍ തെവാത്തിയ 15 റണ്‍സും റാഷിദ് 10 റണ്‍സും നേടി പുറത്താവാതെ നിന്നു.

ബൗളിങ്ങ് നിരയിലെ മോശം പ്രകടനമാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം. ചെന്നൈക്ക് വേണ്ടി രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്ന് വിക്കറ്റും ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Advertisements

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഋതുരാജ് ഗെയ്ക്വാദിന്‍റെ തകർപ്പൻ പ്രകടനമായിരുന്നു ചെന്നൈ ഇന്നിങ്ങ്സിലെ പ്രത്യേകത. 50 പന്തുകള്‍ നേരിട്ട താരം 9 സിക്‌സും 4 ഫോറുമടക്കം 92 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്‌കോര്‍ ഋതുരാജ് പുറത്തായതോടെ 178 ല്‍ ഒതുങ്ങി.

മോയിന്‍ അലി 23 റണ്‍സും ബെന്‍ സ്റ്റോകസ് 7 റണ്‍സും നേടി. അംബാട്ടി റായിഡു ശിവം ദുബേ എന്നിവര്‍ യഥാക്രമം 12, 19  റണ്‍സ് വീതം നേടി. ഗുജറാത്തിനായി റാഷിദ് ഖാനും അല്‍സാരി ജോസഫും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.