KOYILANDY DIARY

The Perfect News Portal

ഡൽഹിയിൽ മഴക്കെടുതികളിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു

ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതികളിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു. പുതിയതായി ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് തലസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നത്.
Advertisements
വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുടുങ്ങിയ ബിഹാർ സ്വദേശികളായ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ 28 മണിക്കൂറിനുശേഷം കണ്ടെടുത്തു. സന്താഷ്(20), സന്തോഷ് യാദവ്(19), ദയാറാം(45) എന്നിവരാണ് കെട്ടിടനിർമാണം നടക്കുന്നിടത്ത് ഉറങ്ങവെ അപകടത്തിൽപെട്ടത്. വെള്ളി ശനി ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്.
ഉത്തരഡൽഹിയിലെ സമയ്‌പുർ ബദ‌ിയിൽ രണ്ട് കുട്ടികൾ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഓഖ്‌ലയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച അറുപതുകാരന് അടിപ്പാതയിൽ നിറഞ്ഞ വെള്ളത്തിൽപെട്ട് ജീവാപായം സംഭവിച്ചു. രോഹിണിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ യുവാവ് പൊട്ടിവീണ് കിടന്ന വൈദ്യുതിലൈനിൽനിന്ന് ആഘാതമേറ്റ് മരിച്ചു. ഷാലിമാർബാഗിലും അടിപ്പാതയിലെ വെള്ളത്തിൽ കുടുങ്ങി ഒരാൾക്ക് ജീവൻ നഷ്‌ടപ്പെട്ടു.
വെള്ളിയാഴ്‌ച പെയ്‌ത കനത്ത മഴയെത്തുടർന്ന് നഗരത്തിലുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ ചൊവ്വ വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ടും അതിനുശേഷമുള്ള മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.