ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം; മഴക്കുറവ് 36 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം. മഴക്കുറവ് 36 ശതമാനം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5 ഉം ലോവർ പെരിയാറിൽ 55.2ഉം കക്കിയിൽ 56.1 ഉം ബാണാസുര സാഗറിൽ 73.7ഉം ഷോളയാറിൽ 95.8ഉം ശതമാനമാണ് വെള്ളമുള്ളത്. 13 ചെറിയ ഡാമിൽ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നുണ്ട്. ഇടുക്കി കുണ്ടള, പാലക്കാട് മംഗലം ഡാമുകളിൽ ചുവപ്പ് അലർട്ടും തൃശൂർ ഷോളയാറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കാലവർഷം ഇന്ന് അവസാനദിനം

സംസ്ഥാനത്ത് കാലവർഷത്തിൻറെ അവസാന ദിനമായ ശനിയാഴ്ചയും വ്യാപക മഴയുണ്ടാകും. ശനിയാഴ്ച രാവിലെ 8.30 വരെയുള്ള മഴയാണ് കാലവർഷക്കണക്കിൽ ഉൾപ്പെടുത്തുക. തുടർന്നുള്ള മഴ തുലാവർഷക്കണക്കിലും. കാലവർഷത്തിൽ ഇതുവരെ 36 ശതമാനമാണ് മഴക്കുറവ്. സെപ്‌തംബറിലെ ഏറ്റവും കൂടിയ മഴയാണ് സംസ്ഥാനത്ത് വെള്ളി രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്–- 43 മി.മീ. ചേർത്തലയിൽ 150.5ഉം അരൂക്കുറ്റിയിൽ 148.4ഉം കോട്ടയത്ത് 138.6 ഉം മി.മീ. മഴ ലഭിച്ചു.

