KOYILANDY DIARY

The Perfect News Portal

മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പിന്നീട് വടക്ക് കിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ഞായറാഴ്‌ചയോടെ ബംഗ്ലാദേശ് – മ്യാൻമാർ തീരം തൊടും. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  ഇന്ന് ഉച്ചയോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.


അടുത്ത മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക്  ജാഗ്രതാ നിർദേശമുണ്ട്.