എം ലീലാവതിക്കെതിരായ സൈബർ ആക്രമണം; വ്യാപക പ്രതിഷേധം

കൊച്ചി: ഡോ. എം ലീലാവതിക്കുനേരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണത്തിൽ സാംസ്‌കാരികലോകത്തടക്കം വ്യാപക പ്രതിഷേധം. വിവിധ സംഘടനകളും വ്യക്തികളും സംഘപരിവാർ ആക്രമണത്തെ അപലപിച്ചു. കേരളത്തിന്റെ വൈജ്ഞാനിക, സാഹിത്യ മേഖലകളിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ എം ലീലാവതി, പിറന്നാൾദിനത്തിൽ ‘ഭക്ഷണത്തിനായി ഇരന്ന് പാത്രവും നീട്ടിനിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽനിന്നിറങ്ങുക എന്ന്പറഞ്ഞിരുന്നു.

പരാമർശം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ നീചവും നിന്ദ്യവുമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അവരുടെ പ്രായംപോലും വിസ്‌മരിച്ച് കേട്ടാലറയ്‌ക്കുന്ന ഭാഷയിലാണ് അസഭ്യവർഷം.

സംഘപരിവാറുകാർ ഡോ. എം ലീലാവതിക്കുനേരെ നടത്തുന്ന സൈബർ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരൻ സേതു. ഗാസയിലെ കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി റോഡരികിൽ പാത്രവുമായി നിൽക്കുന്ന ചിത്രം തന്നെയും ഏറെ അസ്വസ്ഥനാക്കിയെന്നും ആർക്കാണ് അത്തരം സംഭവങ്ങളോട് പ്രതികരിക്കാതിരിക്കാനാകുകയെന്നും സേതു ചോദിച്ചു. എല്ലാവരും ആദരിക്കുന്ന അധ്യാപികകൂടിയായ ടീച്ചറെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ബംഗാൾ ക്ഷാമകാലത്ത് മാത്രമാണ് ഇത്തരം ദൃശ്യങ്ങൾ കണ്ടിട്ടുള്ളത്. എല്ലാവരും ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് ഡോ. എം ലീലാവതി. അവരെ അമ്മയെപ്പോലെയാണ് നാം കാണുന്നത്. ലീലാവതിക്കെതിരായ സൈബർ ആക്രമണം ആലോചിക്കാൻകൂടിയാകാത്തതാണ്. ഇസ്രയേലിനെ അനുകൂലിക്കുന്നവർ ഇവിടെയുണ്ടെന്നത് ആശ്‌ചര്യമാണെന്നും സേതു പറഞ്ഞു.

