എമ്പുരാനെതിരായ സൈബർ ആക്രമണം; അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി

എമ്പുരാനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകി. പരാതി നൽകിയ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ഡിജിപി മറുപടി നൽകിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് എതിരേ നടത്തിയ സൈബർ ആക്രമണത്തിന്റെ രേഖകൾ പോലീസിന് കൈമാറിയിട്ടുണ്ട്. കാവിപ്പട നായിക, സുദർശനം എന്നീ ഫേസ്ബുക്ക് പേജുകളുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്.

കനത്ത സൈബർ ആക്രമണമാണ് സിനിമക്കെതിരെ സംഘപരിവാർ ബന്ധമുള്ള പേജുകൾ നടത്തുന്നത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.

എമ്പുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക ഓർഗനൈസർ ആരോപിച്ചിരുന്നു. ഈ നിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ഓർഗനൈസർ ലേഖനത്തിലുണ്ട്. അതിനിടെ, സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് എമ്പുരാൻ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായെത്തിയിരുന്നു.

