KOYILANDY DIARY.COM

The Perfect News Portal

ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച് കുസാറ്റ്

.

കൊച്ചി: ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച് കുസാറ്റ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ (ദി) ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിലാണ് കുസാറ്റിന്റെ നേട്ടം. ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ (2026) 94 രാജ്യങ്ങളിലെ 911 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയത്. ആദ്യ പതിപ്പിൽ 749 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. ജാമിയ മിലിയ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 88 സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ ഇടം പിടിച്ചത്.

 

ഇന്റർ ഡിസിപ്ലിനറി സയൻസ് 251-300 ബാൻഡിലാണ് കുസാറ്റിന്റ നേട്ടം. 2025 ൽ ഇത് 351-400 ആയിരുന്നു. ലോക പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള ഏക സർവകലാശാലയാണ് കുസാറ്റ്. ഇന്ത്യയിൽ 16-ാം സ്ഥാനത്താണ് റാങ്കിങ്ങിൽ സർവകലാശാലയുടെ സ്ഥാനം. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലും കുസാറ്റ് ഇടം പിടിച്ചു. കഴിഞ്ഞ വർഷം 971-980 ബാൻഡിലായിരുന്നു. എന്നാൽ ഇത്തവണ 200ഓളം സ്ഥാനം മെച്ചപ്പെട്ടു.

Advertisements

 

ഇതോടെ കുസാറ്റ് കേരളത്തിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയിൽ 32-ാം സ്ഥാനത്തും എത്തി. പരിസ്ഥിതി, സാമൂഹിക വികസനത്തിന് പ്രതിജ്ഞാബദ്ധമായ മുൻനിര ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നായി കുസാറ്റിനെ ഉൾപ്പെടുത്തിയിട്ടുള്ളതായി സർവകലാശാല പ്രസ്താവനയിൽ പറയുന്നു. ആഗോള ഇഎസ്ജി വെല്ലുവിളികളെ നേരിടുന്നതിൽ സർവകലാശാലയുടെ പങ്ക് (പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളുടെയും ഭരണ സൂചകങ്ങളുടെയും) അടിസ്ഥാനത്തിലാണ് ക്യുഎസ് സ്ഥാപനങ്ങളുടെ റാങ്കിങ് നിർണയിക്കുന്നത്. ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിലും കുസാറ്റ് മികച്ച പ്രകടനം നടത്തി. 2025ൽ 601-620 ബാൻഡിലായിരുന്ന സ്ഥാനം 509ലേക്ക് ഉയർത്തി.

എന്താണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ?

യുകെ ആസ്ഥാനമായുള്ള ഒരു മാസികയാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ. ആഗോള, ഏഷ്യൻ സർവകലാശാലകളെ ഉൾപ്പെടുത്തി വാർഷിക റാങ്കിങ് പുറത്തിറക്കും. ഷ്മിഡ് സയൻസ് ഫെലോസുമായി സഹകരിച്ചാണ് റാങ്കിങ് നടത്തിയത്. പരമ്പരാഗത അക്കാദമിക് അതിരുകൾ ഭേദിക്കുന്ന ഗവേഷണങ്ങൾ സർവകലാശാലകൾ എങ്ങനെ വളർത്തിയെടുക്കുന്നു എന്നത് തിരിച്ചറിയുകയാണ് റാങ്കിങ്ങിന്റെ ലക്ഷ്യം. ഐഐടികൾ പോലുള്ള മുൻനിര സ്ഥാപനങ്ങൾ ‘ദി’ റാങ്കിങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.

 

Share news