കൊയിലാണ്ടി താലൂക്കാശുപത്രിയിലെ CT സ്കാൻ വീണ്ടും പ്രവർത്തനമാരംഭിച്ചു

രോഗികൾക്ക് ആശ്വാസം.. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ CT സ്കാൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ ഫീസ് തന്നെയാണ് കൊയിലാണ്ടിയിലും ഏർപ്പെടുത്തിയത്. കൂടാതെ പുറത്ത് നിന്നുള്ള ഡോക്ടറുടെ കുറിപ്പിലും CT സ്കാൻ ചെയ്തുകൊടുക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതോടെ രോഗികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ച്ക്ക് 1 മണി വരെയാണ് സി.ടി. സ്കാനിൻ്റെ പ്രവർത്തന സമയം.


കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, ലാബുകളിലും ഭീമമായ തുക ചിലവഴിച്ചാണ് നിലവിൽ കൊയിലാണ്ടിക്കാർക്ക് സി.ടി. സ്കാൻ എടുക്കേണ്ടിവരുന്നത്. സ്കാനിംഗ് ഫീസിന് പുറമെ കോഴിക്കോട്ടേക്കുള്ള ആംബുലൻസ് ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളുടെ ചാർജ്ജും ഒരു ദിവസത്തെ അധ്വാനവും വലിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്. അതിന് ഇതോടെ അറുതിവന്നിരിക്കുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രി വികസനസമിതിയും ഇടപെട്ടതിൻ്റെ ഭാഗമായി സി.ടി. സ്കാൻ ടെക്നീഷ്യന്മാരുടെ ഇൻ്റവ്യൂ നടത്തിയിരുന്നു. ഇതേതുടർന്നാണ് പയ്യോളി സ്വദശിയായ ഡോ. രശ്മിയുടെ സേവനം താലൂക്കാശുപത്രിക്ക് ലഭിക്കുന്നത്.


കഴിഞ്ഞ നിരവധി മാസങ്ങളായി ടെക്നീഷ്യൻമാരെ കിട്ടാത്ത സാഹചര്യത്തിൽ സിടി സ്കാൻ പ്രവർത്തനരഹിതമായിരുന്നു. അതോടെ രോഗികൾ ദുരിതത്തിലാകുകയും ചെയ്തു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കെ.കെ.ശൈലജ ടീച്ചർ ആരോഗ്യ മന്ത്രിയായിരുന്ന സമയത്താണ് കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 3 കോടിയോളം രൂപ വിലവരുന്ന അത്യാധുനിക സി.ടി. സ്കാൻ മെഷീൻ അനുവദിച്ചത്. ഉദ്ഘാടനത്തിന്ശേഷം കുറച്ച് കാലം പ്രവർത്തിച്ചെങ്കിലും ആകെ ഉണ്ടായിരുന്ന ടെക്നീഷ്യൽ കോവിഡ് ബാധിച്ച് ലീവെടുക്കുകയും പിന്നീട് ഡ്യൂട്ടി ഏറ്റെടുക്കാൻ തയ്യാറാകാതായതോടെ സ്കാനിംഗ് പ്രവർത്തനം അവതാളത്തിലാകുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് കൊയിലാണ്ടിയിൽ ഉയർന്ന് വന്നത്.


