സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഗൃഹ സന്ദർശനം പൂർത്തിയായതിന് ശേഷം നടക്കുന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗമാണ്. ഗൃഹസന്ദർശന യോഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ഇതിനു പുറമേ സംഘടന വിഷയങ്ങളും യോഗം പരിഗണിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ അവലോകനവും മേഖല ജാഥകളുടെ ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായാണ് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. നാളെ സംസ്ഥാന സമിതി യോഗവും നടക്കും. ഫെബ്രുവരി ഒന്നിന് എൽ ഡി എഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് തുടക്കമാകും. തുടർന്ന് ഫെബ്രുവരി നാലിന് തെക്കൻ മേഖല ജാഥയും ആറിന് മദ്ധ്യമേഖല ജാഥയും ആരംഭിക്കും.

തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സെൻട്രൽ കമ്മിറ്റി യോഗത്തിന് ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇന്നത്തേത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പ്രധാനമായും ചർച്ച ചെയ്യുന്നത്. രണ്ട് യോഗങ്ങളിലും പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുക്കും.




