CPI(M) കോഴിക്കോട് ജില്ലാ സമ്മേളനം 27ന് പതാകദിനം

കൊയിലാണ്ടി: ജനുവരി 2,3,4 തീയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പതാകദിനം 27ന് ആചരിക്കും. പതാക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പാർടി അംഗങ്ങളുടേയും അനുഭാനികളുടേയും വീടുകളിൽ പതാക ഉയർത്തും. സമ്മേളനത്തിന് ഉയർത്താനുളള പതാക ഒഞ്ചിയം രക്തസാക്ഷി കുടീരത്തിൽ നിന്നും, കൊടിമരം കൽപ്പത്തൂരിലെ സഖാവ് ചോയി സ്മാരകത്തിൽ നിന്നും എത്തിക്കും.
സമ്മേളന നഗറിൽ ജ്വലിപ്പിക്കാനുളള ദീപശിഖ സേലം രക്തസാക്ഷി ഗോപലൻകുട്ടിയുടെ മണ്ണായ എടക്കുളത്തെ ഞാണം പൊയിലിൽ നിന്നെത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഉഭാസ്ക്കരന്റെ നേതൃത്വത്തിലാണ് പതാകജാഥ എത്തുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ് കൊടിമരജാഥ നയിക്കും.
രണ്ടിന് രാവിലെ ദീപശിഖാ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പി കുഞ്ഞമ്മദ്കുട്ടി നയിക്കും. പകൽ 2.30ന് ഒഞ്ചിയത്തു നിന്ന് പുറപ്പെടുന്ന ജാഥ വടകര, മൂരാട്, പയ്യോളി എന്നിവിടങ്ങലിലെ സ്വീകരണങ്ങൾക്കു ശേഷം മന്ദമംഗലത്തു വെച്ച് കൊയിലാണ്ടി ഏരിയയിലേക്ക് കടക്കും.
1ന് പകൽ 3 മണിക്ക് കൽപ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന കൊടിമര ജാഥ അഞ്ചാംപീടിക, കുരുടി വീട് മുക്ക്, നമ്പ്രത്തുകര, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകീട്ട് 5.30 ഓടെ കൊയിലാണ്ടിയിലെത്തും. അലങ്കരിച്ച വാഹനങ്ങളുടേയും, നിരവധി ബൈക്കുകളുടേയും, അത്ലറ്റുകളുടേയും അകമ്പടിയോടെയാണ് ജാഥ എത്തിച്ചേരുക. ജനുവരി 1ന് രാത്രി പൊതുസമ്മേളന നഗരിയായ സ്റ്റേഡിയത്തിൽ പതാക ഉയർത്തും.
