സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

കൊയിലാണ്ടി: സിപിഐ(എം) 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സാംസ്ക്കാരിക കേന്ദ്രമായ പൂക്കാടിലെ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡലത്തിൽ പുഷ്പാർച്ചന നടന്നു. സമ്മേളന നഗരിയിൽ മുതിർന്ന അംഗം പി വി മാധവൻ പതാക ഉയർത്തി.
.

.
സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിൽ അസി.ഡയറക്ടറായിരുന്ന പ്രൊഫ. കെ എ രാജ് മോഹനൻ്റെ നേതൃത്വത്തിൽ സുരഭി, ഭാഗ്യ, നന്ദന, ദീപക്, സജേഷ് മലയിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയായിരുന്നു തുടക്കം. സി അശ്വനിദേവ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
.

.
എ എം സുഗതൻ, എൽ ജി ലിജീഷ്, എം നൗഫൽ, പി വി അനുഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. സി അശ്വനി ദേവ് പ്രമേയ കമ്മറ്റി കൺവീനറായും പി സത്യൻ മിനുട്സ് കമ്മിറ്റി കൺവീനറായും ആർ കെ അനിൽകുമാർ ക്രഡൻഷ്യൽ കമ്മറ്റി കൺവീനറായും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ മുഹമ്മദ്, സി ഭാസ്ക്കരൻ, എം മെഹബൂബ്, പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, മുസാഫർ അഹമ്മദ് തുടങ്ങിയവരും ജില്ലാ കമ്മറ്റിയംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എം എൽ എ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
.

.
പി വി സത്യനാഥൻ്റ മകൻ സലിൽ നാഥ്, സഹോദരൻ രഘുനാഥ്, കന്മന ശ്രീധരൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി ബാബുരാജ് സ്വാഗതം പറഞ്ഞു. 16 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഞായറാഴ്ച ചുവപ്പു സേനാ മാർച്ചോടെയും ബഹുജന റാലിയോടേയും സമാപിക്കും. പൂക്കാട് നിന്നാരംഭിക്കുന്ന മാർച്ച് കാഞ്ഞിലശേരി നായനാർ സ്റേറഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിക്കും. പൊതു സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും.
