KOYILANDY DIARY

The Perfect News Portal

അണ്ടർപ്പാസ് ഉയരക്കുറവ് സമരം ശക്തമാക്കി സിപിഐ(എം). പാലത്തിൽ കൊടി നാട്ടി

അണ്ടർപ്പാസ് ഉയരക്കുറവ് സമരം ശക്തമാക്കി സിപിഐ(എം), അണ്ടർപ്പാസിൽ സിപിഐ(എം) കൊടിനാട്ടി പ്രതിഷേധിച്ചു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മുത്താമ്പി റോഡിൽ നിർമ്മിക്കുന്ന അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ വർക്ക് സൈറ്റിൽ സമരം സംഘടിപ്പിച്ചു. സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ സമരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു.

 

ഇതോടെ കാലത്തു മുതൽ കാരാർകമ്പനിയായ വഗാഡിൻ്റെ പണി തടസ്സപ്പെട്ടു. തുടർന്ന് കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ഉയരക്കുറവിൻ്റെ കാര്യത്തിൽ ദീർഘനേരം ചർച്ച നടത്തി. നാഷണൽ ഹൈവെ വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തീരുമാനമാകുന്നത് വരെ സൈഡ് ഭിത്തിയുടെ നിർമ്മാണം തുടരാനും മെയിൽ സ്ലാബിൻ്റെ വർക്ക് താൽക്കാലികമായി നിർത്തിവെക്കാനും തീരുമാനിച്ചു.

 

സമരത്തിനൊടുവിൽ പ്രവർത്തകർ അണ്ടർപ്പാസിൽ കൊടി നാട്ടി പ്രതിഷേധിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ലൊക്കൽ സെക്രട്ടറി പി.വി സത്യൻ സ്വാഗതവും എം. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisements