CPI(M) നേതൃത്വത്തിൽ ആയിരം വളണ്ടിയർമാർ കൊല്ലംചിറ നവീകരിക്കുന്നു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി CPI(M) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരം വളണ്ടിയർമാർ കൊല്ലംചിറ നവീകരിക്കുന്നു. മെയ് 13ന് കാലത്ത് 6 മണി മുതൽ 10 മണി വരെ ശുചീകരണ പ്രവർത്തനം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുളളത്.
കൊല്ലം പിഷാരികാവ് ദേവസ്വം ബോർഡിന് കീഴിലുളള ചിറ ഇന്ന് നാശത്തിന്റെ വക്കിലാണ്. കൊയിലാണ്ടിയിലെ ഏറ്റവും വലിയ ജല സ്രോതസ്സായ ചിറ നശിച്ചു കഴിഞ്ഞാൽ പ്രദേശത്തെ നൂറ് കണക്കിന് കിണറുകൾ വറ്റുന്ന സ്ഥിതിയിലേക്ക് മാറും. കുടിവെളള ക്ഷാമം രൂക്ഷമായ ഈ കാലത്ത് കൊല്ലം ചിറയുടെ അവസ്ഥയിൽ നാട്ടുകാർ തീർത്തും ആശങ്കയിലാണ്.

മണ്ഡല കാലങ്ങളിൽ ആയിരകണക്കിന് അയ്യപ്പ ഭക്തന്മാർ കുളിക്കുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് കൊല്ലംചിറ. ശുചീകരണ പ്രവർത്തനം നടത്താനുളള സി.പി.ഐ.എംന്റെ തീരുമാനത്തെ ജനങ്ങൾ വലിയ പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കാണുന്നത്. പരിപാടിയുടെ ഉദ്ഘാടനം CPI(M) ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നിർവ്വഹിക്കും.

