CPI(M) ജില്ലാ സമ്മേളന നഗരിയിലേക്ക് ബഹുജന പ്രവാഹം

കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളന നഗരിയിലേക്ക് വൻ ബഹുജന പ്രവാഹം. കൊയിലാണ്ടി ഇ.എം. എസ്. ടൗൺ ഹാളിൽ വി. വി. ദക്ഷിണാ മൂർത്തി, പി. ടി. രാജൻ നഗറിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ആയിരക്കണക്കിന് ബഹുജനങ്ങളാണ് എത്തിച്ചേരുന്നത്. സമ്മേളന ഹാളും പരിസരവും മറ്റ് റോഡുകളിലുമെല്ലാം കാലത്ത് മുതൽ രാത്രി വൈകിയും സ്ത്രീകളും കുട്ടികളുമായി കുടുംബസമേതം വലിയ ആവേശത്തിലാണ് പ്രവർത്തകർ ഒഴുകിയെത്തുന്നത്.
45 വർഷങ്ങൾക്ക്‌ശേഷം നടക്കുന്ന സമ്മേളനം അക്ഷാർത്ഥത്തിൽ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. കനൽവളഴികളിലൂടെ ചരിത്ര പ്രദർശനം കാണാൻ വൻ ജനപ്രവാഹമാണ് ഉണ്ടാകുന്നത്. ഇതിനകം തന്നെ ചുവന്നുകഴിഞ്ഞ കൊയിലാണ്ടി പട്ടണത്തിലേക്ക് ജനങ്ങൾ ആവേശത്തോടെ പ്രവഹിക്കുന്നത് സി. പി. ഐ. (എം) ന് കൊയിലാണ്ടിയിൽ ഉണ്ടായ സ്വാധീനമാണ്സാ ക്ഷ്യപ്പെടുത്തുന്നത്.

സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ സാന്നിദ്ധ്യമാണ് പ്രവർത്തകർക്ക് ഏറെ ആവേശം പകരുന്നത്. മുഖ്യമന്ത്രിയെ അടുത്തു കാണാനും സെൽഫിയെടുക്കാനുമുള്ള ധൃതി പലർക്കും കാണാമായിരുന്നു. കൂടാതെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായ ഇ. പി. ജയരാജൻ എളമരം കരീം, എം. വി. ഗോവിന്ദൻ മാസ്റ്റർ, പി. കെ. സൈനബ, അഡ്വ: പി. സതീദേവി, എ. പ്രദീപ് കുമാർ, മന്ത്രിമാരായ ടി. പി. രാമകൃഷ്ണൻ, എ. കെ. ബാലൻ, കെ. കെ. ശൈലജ ടീച്ചർ മറ്റ് സംസ്ഥാന കമ്മിററി അംഗങ്ങളും ജില്ലയിലെ എം.എൽ.എ.മാരും സമ്മേളന നഗരിയിലെ സജീവ സാന്നിദ്ധ്യമാണ്

മുഖ്യമന്ത്രി ഓഴികെ എല്ലാ നേതാക്കളും കൊയിലാണ്ടിയിൽതന്നെയാണ് താമസിക്കുന്നത്. മുഖ്യമന്തിയുടെ താമസം കോഴിക്കോട് ഗസ്റ്റ് ഹൗസിലും മറ്റുള്ള കേന്ദ്ര സംസ്ഥാന കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും പാർട്ടി പ്രവർത്തകരുടെ വീടുകളിലും ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. ജില്ലയിൽ നിന്നുള്ള 16 ഏരിയാകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗങ്ങൾ ഏരിയാ സെക്രട്ടറിമാർ, വർഗ്ഗബഹുജന യുവജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 403 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കൂടാതെ ഭക്ഷണത്തിനും മറ്റ് സഹായങ്ങൾക്കുമായി തെരഞ്ഞെടുത്തിട്ടുള്ള വിവിധ സബ്ബ് കമ്മിറ്റികളിൽ നിന്നായി 400ൽ അധികം പ്രവർത്തകർ മുഴുവൻ സമയവും സമ്മേളന നഗരയിൽ ചുമതലകളിൽ മുഴുകിയിരിക്കുകയാണ്.
രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയിലും വിഭവസമൃദ്ധമായ ഭക്ഷണമാണ് പ്രതിനിധികൾക്കും പാർട്ടി പ്രവർത്തകർക്കും മറ്റ് സഹായികൾക്കും വിളമ്പുന്നത്. 1000ത്തിൽ അധികം പേർക്കാണ് ഓരോ സമയങ്ങളിലും ഭക്ഷണം തയ്യാറാക്കി നൽകുന്നത്. അതിന് വിപുലമായ ഭക്ഷണ കമ്മിറ്റിയും പ്രവർത്തിക്കുന്നു. സംഘാടകസമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്ഷണ കമ്മിറ്റിയിൽ 90 ശതമാനവും പ്രവർത്തിക്കുന്നത് സ്ത്രീകളാണ്. പരാതിക്കിടയില്ലാതെ ഭക്ഷണം വിളമ്പുന്നതിന് പ്രത്യേക യോഗങ്ങളും ഭക്ഷണ കമ്മിറ്റി ഹാളിൽ തന്നെ നടത്തുന്നുണ്ട്.
നാളെ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് സ്റ്റേഡിയത്തിൽ നടത്തുന്ന റെഡ് വളണ്ടിയർ മാർച്ചും പൊതു സമ്മേളനത്തിനും ശേഷം ജില്ലാ സമ്മേളനത്തിന് സമാപനമാകും.
