KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം സിപി മണിക്ക് ലഭിച്ചു

സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം കൊയിലാണ്ടി താഹസിൽദാർ സിപി മണിക്ക് ലഭിച്ചു. സംസ്ഥാനത്ത് 3 പേർക്കാണ് സർക്കാർ ഈ അംഗീകാരം നൽകിയിരിക്കുന്നത്. മലബാറിൽ നിന്ന് ഇദ്ധേഹത്തിന് മാത്രമാണ് ഈ ബഹുമതി ലഭിച്ചത്. 1997 ൽ വടകര താലൂക്കിലെ ഏറാമല വില്ലേജ് ഓഫീസിൽ നിന്നാണ് തഹസിൽദാർ സി. പി. മണിയുടെ സർക്കാർ സേവനം ആരംഭിക്കുന്നത്. തുടർന്ന് താലൂക്ക് ഓഫീസ് കൊയിലാണ്ടി, പേരാമ്പ്ര ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, ലാൻഡ് അക്വിസിഷൻ ഓഫീസ് കൊയിലാണ്ടി എന്നിവിടങ്ങളിലായി ക്ലറിക്കൽ കേഡറിൽ അദ്ദേഹം ജോലി ചെയ്തു.
2006 ഒക്ടോബറിൽ പന്തലായനി വില്ലേജ് ഓഫീസറായി അദ്ദേഹം ചുമതലയേറ്റു. 2007 ലെ മൂന്നാർ ഓപ്പറേഷൻ്റെ ഭാഗമായി സർക്കാർ ഭൂമികളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ചുങ്കം പ്രദേശത്ത് പാട്ടക്കാലാവധി കഴിഞ്ഞ് അനധികൃതമായി കൈവശം വെച്ച സർക്കാർ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചു തിരികെ ഏറ്റെടുത്തു. ഇരിങ്ങൽ വില്ലേജ് ഓഫീസിലും ഓഫീസർ തസ്തികയിൽ പ്രവർത്തിക്കുകയുണ്ടായി.
Advertisements
അനധികൃത മണൽ വാരൽ രൂക്ഷമായ 1997 – 2012 കാലഘട്ടത്തിൽ കാപ്പാട് കടൽ തീരം തന്നെ ഇല്ലാതാക്കുന്ന തരത്തിൽ അനധികൃത മണൽ വാരൽ രൂക്ഷമായപ്പോൾ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിയമ വിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെട്ട നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും തുടർന്ന് ഒരു പരിധി വരെ അനധികൃത മണൽ കടത്തു പ്രവൃത്തികൾ അവസാനിപ്പിക്കുകയും ചെയ്തു.
അഴിമതി മുക്തമായ സർവ്വീസ് കാലയളവിൽ മികച്ച സേവനത്തിന് അദ്ദേഹത്തിന് മൂന്ന് തവണ ഗുഡ്  സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾക്ക് 2011 ൽ അന്നത്തെ കലക്ടർ പി. ബി. സലിം, 2019 ലെ പാർലമെൻ്റ് ഇലക്ഷൻ ഏകോപന പ്രവർത്തനങ്ങൾക്ക് കലക്ടർ സാംബശിവ റാവു, 2021 ലെ പട്ടയമേള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് ഇപ്പോഴത്തെ കളക്ടർ ടി. എൽ. തേജ് ലോഹിത് റെഡ്ഡി എന്നിവരിൽ നിന്നുമാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. 2018 – 2019 കാലത്തെ പ്രളയം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
2019 ൽ തഹസിൽദാർ തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചു. കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് ശിരസ്തദാർ എന്നീ ചുമതലകൾക്കു ശേഷം 2020 മുതൽ കൊയിലാണ്ടി തഹസിൽദാരായി അദ്ദേഹം സേവനം അനുഷ്ഠിച്ചു വന്നു. ഈ കാലയളവിൽ സർക്കാരിലേക്കുള്ള റവന്യൂ വരുമാനത്തിൽ മുൻകാലങ്ങളിലേതിനേക്കാൾ വലിയ വർദ്ധനവാണ് ഉണ്ടായത്. ക്ഷേമ പദ്ധതികൾ യഥാസമയം അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനും, ഭൂരഹിതരായവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പരാതികൾ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനും, ചുവപ്പ് നാടയിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം മുൻഗണന നൽകി.
ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ കൂടി സഹകരണത്തോടെ ശാസ്ത്രീയമായുള്ള മാലിന്യ സംസ്കരണ പദ്ധതി, മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ മിനി സിവിൽ സ്റ്റേഷനിൽ പച്ചക്കറി കൃഷി എന്നിവ ആരംഭിക്കാൻ കഴിഞ്ഞു. ജനപ്രതിനിധികളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. കൂടാതെ റവന്യു വകുപ്പിൽ കേരളത്തിൽ ആദ്യമായി ക്യൂ.ആർ കോഡ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ പരാതി പരിഹാര സംവിധാനം കൊയിലാണ്ടി താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലുള്ള 31 വില്ലേജ് ഓഫീസുകളിലും നടപ്പിലാക്കി. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ രാഷ്ട്ര പിതാവിൻ്റെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നതിലും അദ്ദേഹം മുൻകൈ എടുത്തു.
മൂടാടി പാലക്കുളം സ്വദേശിയായ സി. പി. മണിയുടെ ഭാര്യ രമ്യയും ബാംഗ്ലൂരിൽ ബി.സി.എ വിദ്യാർത്ഥിയായ വസുദേവ്, കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വേദ എന്നീ രണ്ടു മക്കളും അടങ്ങുന്നതാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാരായി സർക്കാർ അംഗീകാരം ലഭിച്ച ഈ ഉദോഗസ്ഥൻ്റെ കുടുംബം.
Advertisements