സൗബിന് ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. സൗബിന് ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്ട്രേറ്റ് കോടതി തളളി. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി.

ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു സൗബിന്റെ ആവശ്യം. മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് നേടിയത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിനെതിരെ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതി നൽകിയത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് ലാഭവിഹിതം നല്‍കാതിരുന്നതെന്നും നിർമാതാക്കൾ വാദിച്ചിരുന്നു.

