ദേശീയപാത നിർമ്മാണത്തിൻ്റെ മറവിൽ കൊയിലാണ്ടിയിൽ നിന്ന് കരിങ്കല്ല് പുറത്തേക്ക് കടത്തി ലക്ഷങ്ങളുടെ അഴിമതി

കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിനിടെ കൊയിലാണ്ടിയിൽ സർക്കാർ ഭൂമിയിൽ നിന്ന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആയിരക്കണക്കിന് ലോഡ് കരിങ്കല്ല് അനധികൃതമായി മറിച്ചു കൊടുക്കുന്നു. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്താണ് ലക്ഷക്കണക്കിന് രൂപയുടെ കരിങ്കല്ല് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കടത്തിക്കൊണ്ട് പോകുന്നത്. അദാനി ഗ്രൂപ്പിൻ്റെ ചില ജീവനക്കാരുടെ സഹകരണത്തോടെയാണ് സ്വകാര്യ വ്യക്തികൾക്ക് ഒരു ലോഡിന് 4000 രൂപ വീതം വാങ്ങി പകൽക്കൊളള നടത്തുന്നത്.

ചില ഉദ്യോഗസ്ഥരുടെ സഹായം ഇതിനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൊയിലാണ്ടിയുടെ കിഴക്കൻ ഭാഗത്തേക്കാണ് ഒരേ സമയത്ത് 15 ഓളം ടിപ്പർ ലോറികളിലായാണ് കരിങ്കല്ല് കടത്തുന്നത്. ലോഡിംഗിനായി 3 ജെസിബിയും പ്രവർത്തിക്കുന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിന് സംസ്ഥാന സർക്കാർ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയാണിത്. ഇവിടെ റോഡ് നിർമ്മാണത്തിന് കരിങ്കല്ലിൻ്റെ ആവശ്യമില്ലെങ്കിൽ അത് നീക്കം ചെയ്യാൻ സർക്കാരിൽ റിപ്പോർട്ട് ചെയ്ത് ലോഡിൻ്റെ എണ്ണം കണക്കാക്കി റവന്യൂ വിഭാഗം പരസ്യപ്പെടുത്തി ലേലത്തിൽ വെക്കേണ്ടതാണ്.


കരിങ്കല്ല് ഖനനം നടത്താൻ ജിയോളജി വകുപ്പിൻ്റെ അനുമതിയും ആവശ്യമാണ്. അതാണ് അതിൻ്റെ ചട്ടം. അങ്ങിനെ ഒരു നടപടിക്രമവും പാലിക്കാതെയാണ് അദാനി ഗ്രൂപ്പിലെ ചില സൈറ്റ് എഞ്ചിനീയർമാരും ശിങ്കിടികളും ചേർന്ന് ലക്ഷങ്ങളുടെ കരിങ്കല്ല് മറിച്ചുകൊടുത്ത് വൻ അഴിമതി നടത്തുന്നത്.


ഇത് അടിയന്തരമായി തടഞ്ഞ് സർക്കാർ ഭൂമിയിൽ നിന്ന് നഷ്ടപ്പെട്ട കരിങ്കല്ലിൻ്റെ മൂല്യ കണക്കാക്കി ഇവരിൽ നിന്ന് തുക ഈടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുമ്പ് നിർമ്മാണ പ്രവൃത്തി നടത്തുന്ന വഗാഡ് കമ്പനി തന്നെ കരിങ്കല്ല് നീക്കംചെയ്യാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എം.എൽ.എ.യും ജില്ലാ കലക്ടറും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണംതേടി കടുത്ത നടപടിയിലേക്ക് കടക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

