സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത വസ്‌തുക്കൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കരാറായി

കോട്ടയം: കേരളത്തിലെ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ മൂല്യവർധിത വസ്‌തുക്കൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കരാറായി. മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ അഞ്ച് സഹകരണ ബാങ്കുകളും കയറ്റുമതി സ്ഥാപന പ്രതിനിധിയുമാണ് കരാർ ഒപ്പുവെച്ചത്. ഇതുപ്രകാരം 12 ടൺ ഉൽപന്നങ്ങൾ 20ന് കൊച്ചിയിൽനിന്ന് കയറ്റുമതി ചെയ്യും.

വാരപ്പെട്ടി, തങ്കമണി, അഞ്ചരക്കണ്ടി, കാക്കൂർ, മാങ്കുളം എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളിലെ ഉൽപന്നങ്ങളാണ് കോതമംഗലം ആസ്ഥാനമായ മഠത്തിൽ എക്സ്പോർട്സ് അമേരിക്കയിലേക്ക് എത്തിക്കുന്നത്. നിലവിൽ കോഴിക്കോട് ആസ്ഥാനമായ മലബാർ ഡിസ്‌ട്രിക്‌ട് മാർക്കറ്റിങ് ആൻഡ് സപ്ലൈ സഹകരണ സംഘവും വാരപ്പെട്ടി സഹകരണ ബാങ്കും ഉൽപന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നുണ്ട്. ഇത് വിജയകരമായതോടെയാണ് കൂടുതൽ ബാങ്കുകളുടെ ഉൽപന്നങ്ങൾ അയക്കാൻ തീരുമാനിച്ചത്.

തങ്കമണി സഹകരണ ബാങ്ക് ഉൽപാദിപ്പിക്കുന്ന തേയില, അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, കാക്കൂരിന്റെ ഫ്രോസൺ കപ്പ, വാരപ്പെട്ടിയുടെ മസാല ചേർത്ത കപ്പ, വെളിച്ചെണ്ണ, ചക്കപ്പഴം, മാങ്കുളത്തിന്റെ ഫാഷൻ ഫ്രൂട്ട് എന്നിവയാണ് അടുത്ത ദിവസം കപ്പൽ കയറുക. ഇതുമായി ബന്ധപ്പെട്ട് കോതമംഗലത്ത് നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ അധ്യക്ഷനായി. കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, എം ജി രാമകൃഷ്ണൻ, അസിസ്റ്റന്റ് രജിസ്‌ട്രാർമാരായ കെ സുനിൽ, പി ജി ദാസ് എന്നിവർ സംസാരിച്ചു.

