പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം; ബൃന്ദ കാരാട്ട്
കണ്ണൂർ: പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ് ഘടകകക്ഷികൾ ഗൗരവത്തോടെ കാണണമെന്നും കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി ഉദ്‌ഘാടനം ചെയ്‌ത് ബൃന്ദ പറഞ്ഞു.

ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച മോദിസർക്കാർ ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെയാണ് നാണംകെടുത്തിയത്. യുഎന്നിൽ 120 രാജ്യങ്ങൾ പലസ്‌തീൻ അനുകൂല പ്രമേയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നു. സങ്കുചിത വർഗീയ താൽപ്പര്യവും ന്യൂനപക്ഷവിരുദ്ധതയും മുൻനിർത്തിയാണ് മോദിസർക്കാർ ഈ നിലപാട് സ്വീകരിച്ചത്.

പലസ്തീൻ ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ഭൂരിഭാഗവും അനുകൂലിച്ചു. അപ്പോഴും കോൺഗ്രസ് മൗനം തുടർന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുരോഗമന സാംസ്കാരിക സംഘടന സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. കോൺഗ്രസിന്റെ നിലപാട് ജനം വിലയിരുത്തുന്നുണ്ട്. ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്തം പലസ്തീൻ ജനത ഇപ്പോഴും അനുഭവിക്കുകയാണ്.

ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 16,000 മനുഷ്യർ കൊല്ലപ്പെട്ടുകയും 41, 000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 20 വർഷമായി തുടരുന്ന അധിനിവേശത്തിൽ ആറ് ദശലക്ഷത്തോളം പലസ്‌തീനികൾ ജന്മനാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണയുപയോഗിച്ചാണ് ഇസ്രയേലിന്റെ ഈ വംശഹത്യ. പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സാമ്രാജ്യത്വത്തിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണെന്നും ബൃന്ദ പറഞ്ഞു.

