അടാട്ട് ബാങ്കിൽനിന്ന് 15 കോടി തട്ടിപ്പ് നടത്തിയ കേസിൽ കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിലേക്ക്
തൃശൂർ: അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിൽനിന്ന് വഴിവിട്ട് നൽകിയ വായ്പയിലൂടെ 15 കോടി തട്ടിപ്പ് നടത്തിയ കേസിൽ കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിലേക്ക്. സഹകരണ മന്ത്രിയായിരുന്ന സി എൻ ബാലകൃഷ്ണൻറെ മരുമകനും ബാങ്ക് പ്രസിഡണ്ടുമായിരുന്ന എം വി രാജേന്ദ്രൻ, അടാട്ട് പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്ന ടി ആർ ജയചന്ദ്രൻ, വി ഒ ചുമ്മാർ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായാണ് നടപടി. കോൺഗ്രസ് ഭരിച്ച തൃശൂർ ജില്ലാ പാഡി മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിനാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ചത്.

പണം തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന് വൻ നഷ്ടം സംഭവിച്ചു. ഇരു സംഘങ്ങളിലേയും ഭരണസമിതി അംഗങ്ങളായിരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് വിജിലൻസ് നടപടി തുടങ്ങുന്നത്. അക്കാലത്തെ അഡ്മിനിസ്ട്രേറ്റർ പി രാമചന്ദ്രനെതിരെയും പ്രോസിക്യൂഷൻ നടപടിക്ക് ഉത്തരവായിട്ടുണ്ട്. നെല്ല് സംഭരണത്തിൻറെ പേരിൽ 2011 -12 വർഷം 83,00,961 രൂപയും 2013ൽ ഒമ്പത് കോടിയും 2015ൽ 4,83,34,841 രൂപയും ഉൾപ്പെടെ 15 കോടിയിൽപ്പരം രൂപയാണ് ചട്ടംലംഘിച്ച് വായ്പ അനുവദിച്ചത്. പദവി ദുരുപയോഗം ചെയ്തും ഗൂഢാലോചന നടത്തിയും ധനം സമ്പാദിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അടാട്ട് ബാങ്ക് അഡ്മിനിസ്ട്രേറ്ററായിരുന്ന ടി വി രാജീവ്, എംഡിമാരായിരുന്ന കെ കെ ജയകുമാരി, സുശീല വർമ, തൃശൂർ ജില്ലാ പാഡി മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി പ്രസിഡണ്ട് ടി കെ ശിവശങ്കരൻ, വൈസ് പ്രസിഡണ്ട് കെ രാമചന്ദ്രൻ, ജനറൽ മാനേജർ വില്യംസ് ജോസഫ്, അടാട്ട് ബാങ്ക് പ്രസിഡണ്ട് എം വി രാജേന്ദ്രൻ, ഭരണസമിതി അംഗങ്ങളായിരുന്ന എ വി റപ്പായി, പി കെ നാണു, പി എ അശോകൻ, എ വി ജോൺസൻ, പി എൻ രുദ്രൻ നമ്പൂതിരി, പി ഡി ജോസ്, സ്റ്റെല്ല റാഫേൽ, ഓമന വേണുഗോപാൽ, ടി ആർ ജയചന്ദ്രൻ, വി ഒ ചുമ്മാർ, സി സി ഹണീഷ് എന്നിവർക്കെതിരെയാണ് നടപടി.
ഇതേ ബാങ്കിൽ കോൺഗ്രസ് ഭരണകാലത്ത് അനിൽ അക്കരയുടെ കുടുംബത്തിൻറെ വായ്പയിൽ 25 ലക്ഷം വഴിവിട്ട് ഇളവു നൽകിയതിൻറെ രേഖകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും സഹകാരികൾ പരാതി നൽകിയിട്ടുണ്ട്.
