രണ്ടു കിലോ കഞ്ചാവുമായി കോൺഗ്രസ് നേതാവും സുഹൃത്തും പിടിയിൽ

കടയ്ക്കൽ: കോൺഗ്രസ് നേതാവും സുഹൃത്തും രണ്ടു കിലോ കഞ്ചാവുമായി കോയമ്പത്തൂരിൽ പിടിയിൽ. കോൺഗ്രസ് തുമ്പമൺതൊടി ടൗൺ കമ്മിറ്റി സെക്രട്ടറി മടത്തറ കാരറ തടത്തിൽ വീട്ടിൽ കണ്ണനെന്നു വിളിക്കുന്ന അബീഷ് (32), തുമ്പമൺതൊടി അശ്വതി ഭവനിൽ അശ്വിൻ (22) എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാറ്റ്ന ഇആർ എക്സ്പ്രസിൽനിന്ന് കഞ്ചാവ് പിടികൂടിയത്. അബീഷ് മുമ്പും നിരവധി തവണ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ചെറുകിട കച്ചവടക്കാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അബീഷ് കുറേക്കാലമായി എക്സൈസിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതികൾ കോയമ്പത്തൂർ സബ് ജയിലിൽ റിമാൻഡിലാണ്.

