ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ല; എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ലാതെ പോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ലെന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരവുമായ അവർ പരാജയപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങി. ഗുജറാത്തിന്റെ പാഠം പഠിക്കാൻ അവർ തയ്യാറായില്ല.

കേരളത്തിലെ കോൺഗ്രസിന്റെ നിലപാടാണ് രാജസ്ഥാനിലും കണ്ടത്. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് സിപിഐ എമ്മിന് ഉണ്ടായിരുന്നു. ഭദ്ര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ട് സിപിഐ എമ്മിന് ലഭിച്ചു. ഭദ്രയിൽ കേവലം 1161 വോട്ടിനാണ് തോറ്റത്. കോൺഗ്രസിന് അവിടെ 3771 വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞ തവണ 37000ത്തിലധികം വോട്ട് ഉണ്ടായിരുന്നെന്നും ബാക്കി വോട്ടുകള്‍ ബിജെപിക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇന്നത്തെ പരിതഃസ്ഥിതിയിൽ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യണമെന്നും ബിജെപിയെ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

