KOYILANDY DIARY

The Perfect News Portal

കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കും; മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തത്സമയ ടിക്കറ്റിങ്‌ ഉൾപ്പെടെ പൂർണ മായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും. ബസ്‌ സ്റ്റാൻഡുകളിൽ റെയിൽവേ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനവും ഉണ്ടാകും. കെഎസ്‌ആർടിസി ഇൻഫർമേഷൻ സെന്ററുകൾക്കായി എംഎൽഎമാരുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തും. കെഎസ്ആർടിസിയുടെ വ്യാപാരസമുച്ചയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ‌ഉടൻ വാടകയ്ക്ക്‌ നൽകും. ടെൻഡറി ൽ പങ്കെടുക്കുന്നതിനുപോലും ഉയർന്ന തുക വേണമെന്നതാണ്‌ കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്. അടുത്ത ബോർഡ്‌ യോഗത്തിൽ വാടകനിരക്ക് പുനർനിശ്ചയിക്കും. 

Advertisements

കെഎസ്ആർടിസിയുടെ ടോയ്‌‌ലറ്റുകൾ സുലഭിന് കൈമാറും. 22 എണ്ണം ഇവർക്ക് കൈമാറാനായിരുന്നു പ്രാഥമിക ധാരണ. എന്നാൽ, അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പല കോണുകളിൽനിന്നുണ്ടായിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ നാല് ശുചിമുറി സുലഭ്‌ ഏറ്റെടുത്ത്‌ പ്രവർത്തനസജ്ജമാക്കും. കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ഒറ്റത്തവണയായി ശമ്പളം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെയായിരിക്കും ധനസമാഹരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച യോഗം നടന്നിരുന്നു. ഒന്നരമാസത്തിനുള്ളിൽ ഒറ്റത്തവണയായി ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസിയുടെ ദേശസാൽകൃതറൂട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതൽ എസി ബസുകൾ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. 

 

വാഹനം പൊളിക്കൽ: 
ടെൻഡർ ഉടൻ 
പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശപ്രകാരം വാഹനപൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്‌ ഉടൻ ടെൻഡർ വിളിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കുന്നതിനു പകരം കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കുന്നതിന് പൊളിക്കൽ കേന്ദ്രങ്ങളിൽനിന്നുള്ള സാക്ഷ്യപത്രങ്ങൾ ആവശ്യമാണ്. ഇതിനായാണ് നടപടി വേഗത്തിലാക്കുന്നത്.

Advertisements

 

പൊതുഗതാഗത സൗകര്യം വർധിപ്പിക്കാൻ റൂട്ട്‌ ഫോർമുലേഷൻ ഗ്രാമങ്ങളിൽ പൊതുഗതാഗത സൗകര്യം ഉറപ്പാക്കാൻ റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. മോട്ടോർ വാഹന നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാകും ഇതെന്ന്‌ ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. 65 ശതമാനം ഗ്രാമീണ മേഖലകളിലും പൊതുഗതാഗത സൗകര്യമില്ലെന്നാണ്‌ പഠനങ്ങൾ. റൂട്ട് ഫോർമുലേഷന്റെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ആർടിഒ, ജോയിന്റ് ആർടിഒ എന്നിവരെ ഉൾപ്പെടുത്തി ഗ്രാമസഭ മാതൃകയിൽ യോഗം വിളിക്കും.

 

പൊതുപ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയാകും റൂട്ട്‌ ഫോർമുലേഷൻ. യോഗതീരുമാന പ്രകാരം പൊതുഗതാഗതത്തിന് പ്രയോഗിക റൂട്ടുകൾ നിശ്ചയിക്കും. റൂട്ടുകൾ ലേലം ചെയ്ത് വിൽക്കും. റോഡപകടങ്ങളിൽ ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ഉറപ്പാക്കാനാണ് പരിശ്രമം. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടക്കുന്നുണ്ട്‌.

കേരളത്തിൽ നിന്നുള്ള ബസുകളുടെ നികുതി തമിഴ്നാട് സീറ്റൊന്നിന്‌ 4000 രൂപ വർധിപ്പിച്ചിരിക്കുകയാണ്‌. ഇത്‌ തുടർന്നാൽ തിരിച്ചും ഈ സമീപനമാകും.
മിനി സൂപ്പർമാർക്കറ്റുകളും നിലവാരമുള്ള ഭക്ഷണശാലകളും ഉറപ്പാക്കും. കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ഒന്നാം തിയതി തന്നെ ശമ്പളം നൽകാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.