വേനലവധിക്കാലത്ത് കുട്ടികൾക്കായി നടത്തുന്ന നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണം; മന്ത്രി വി ശിവൻകുട്ടി
.
തിരുവനന്തപുരം: വേനലവധിക്കാലത്ത് കുട്ടികൾക്കായി നടത്തുന്ന നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വേനലവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘപ്പിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പരാതികൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

നീണ്ട അധ്യയന വർഷത്തെ പഠനഭാരത്തിന് ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ആശ്വാസമാണ് വേനലവധി ഇത് മാനസിക സമ്മർദ്ദങ്ങളില്ലാതെ കളിച്ചും ചിരിച്ചും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം. പഠനമികവിനൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യവും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തുടർച്ചയായ പഠനം കുട്ടികളുടെ സർഗാത്മകതയെയും മാനസിക ഉല്ലാസത്തെയും കെടുത്തിക്കളയരുത്. കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരു കുട്ടിയുടെ സമഗ്രമായ വളർച്ചയിൽ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ.

ഈ അവസരത്തിൽ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അധ്യാപകരെ ഓർമിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപ്പിക്കരുതെന്ന് എല്ലാ സ്കൂൾ അധികൃതരോടും ആവശ്യപ്പെടുന്നതായും മന്ത്രി പറഞ്ഞു.



