അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി; ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

സോഷ്യൽ മീഡിയ വഴിയുള്ള അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി സമർപ്പിച്ച സിനിമാ താരം ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്. തിങ്കളാഴ്ച്ച സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി മൊഴി നൽകിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിന് പുറമെ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് താഴെ പോസ്റ്റിട്ടവർക്ക് എതിരെയും നടി മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും ഹണി പൊലീസിന് കൈമാറിയിട്ടുണ്ട്.

ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പൊലീസ് നീരീക്ഷിക്കുന്നുണ്ട്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നടിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.

അതേസമയം ഹണി റോസിന് പിന്തുണയുമായി താരസംഘടന എഎംഎംഎ ഇന്നലെ രംഗത്തെത്തിയിരുന്നു. ഹണി റോസിനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

