KOYILANDY DIARY

The Perfect News Portal

ട്രെയിൻ മാറിക്കയറിയ ബാലുശ്ശേരി സ്വദേശിനിയെ പരസ്യമായി അപമാനിച്ചതായി പരാതി

ട്രെയിൻ മാറിക്കയറിയ ബാലുശ്ശേരി സ്വദേശിനിയെ പരസ്യമായി അപമാനിച്ചതായി പരാതി. കൊയിലാണ്ടി: ബാലുശ്ശേരി ചക്കിൽ നൗഷത്തിനെയാണ് യാത്രക്കാരുടെ മുന്നിൽ പരസ്യമായി അപമാനിച്ചത്. കൂടാതെ ടിക്കറ്റ് എക്സാമിനർ ഷാൾ പിടിച്ച് വലിച്ചതായും യുവതി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

തലശ്ശേരിയിലെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി മെമു ട്രെയിനിന് കൊയിലാണ്ടിക്കാണ് ടിക്കറ്റ് എടുത്തത്. 3.40 നാണ് മെമു തലശ്ശേരിയിൽ എത്തുക. എന്നാൽ അതിന് മുമ്പ് വന്ന ഇൻ്റർസിറ്റിയിൽ യുവതി മാറിക്കയറുകയും കൊയിലാണ്ടി സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട് ഇറങ്ങേണ്ടി വരികയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ വെച്ച് വനിത ഉദ്യോഗസ്ഥ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് യുവതി അപമാനിതയായത്.
ട്രെയിൻ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും ഫൈൻ അടക്കാമെന്നും യുവതി പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ ഭർത്താവിനെ ഫോൺ വിളിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥ തൻ്റെ ഷാൾ പിടിച്ചു വലിച്ചെന്നും പിന്നീടവർ ഷാളുമായി ഓഫീസിലേക്ക് പോയെന്നും യുവതി പറഞ്ഞു.
ഷാളില്ലാതെ പ്രയാസമനുഭവിക്കുന്നത് മനസിലാക്കിയ ഒരു ഓട്ടോ ഡ്രൈവർ തനിക്ക് ഷാൾ എത്തിച്ചു തന്നെന്നും ഫൈൻ അടച്ച ശേഷമാണ് ഉദ്യോഗസ്ഥ ഷാൾ തിരികെ നൽകിയതെന്നും യുവതി പരാതിപ്പെട്ടു. ഇതിനിടയിൽ ഭർത്താവിൻ്റെ സുഹൃത്തെത്തി ഉദ്യോഗസ്ഥയോട് സംസാരിച്ചു. പരാതിയില്ല എന്ന് ഉദ്യോഗസ്ഥ നിർബന്ധിച്ച് എഴുതി വാങ്ങി. ഇതിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകുമെന്ന് നൗഷത്ത് പറഞ്ഞു.