KOYILANDY DIARY

The Perfect News Portal

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര അപ്പീലിൽ പരാതി പ്രളയം

എറണാകുളം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതി പ്രളയം.  രണ്ടാഴ്‌ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണസേന, സംസ്ഥാനങ്ങളിലെ റെയിൽവേ പൊലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തരനിർദേശം നൽകി.
ദീർഘദൂര ട്രെയിനുകളിൽ, പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻവരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചിൽ ആർപിഎഫ് പരിശോധന നടത്തണം. റിസർവേഷൻ കോച്ചിലും സമാനമായ ആർപിഎഫ് പരിശോധന ദിവസവും വേണം. പിടി കൂടുന്നവർക്കെതിരെ പരമാവധി ശിക്ഷാ നടപടികളും സ്വീകരിക്കണമെന്നാണ് നിർദേശം.
ദീർഘദൂര ട്രെയിനുകളിലെ വനിതാ കമ്പാർട്ട്മെൻ്റുകളിലും അംഗപരിമിതരുടെ കോച്ചുകളിലും ആർപിഎഫ് പരിശോധന നടത്തി ഫോട്ടോയും വീഡിയോയും രേഖകളായി സൂക്ഷിക്കണം. നിയമലംഘനങ്ങളും ഇതര കുറ്റകൃത്യങ്ങളും സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നിശ്ചിതസമയ പരിധിക്കുള്ളിൽ തന്നെ പരിഹാരം കാണണം. പരിശോധനകളും അതിന്മേൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച പ്രതിദിന റിപ്പോർട്ട് അടുത്ത ദിവസം വൈകിട്ട് അഞ്ചിനു മുമ്പ് റെയിൽവേ ബോർഡ് സെക്യൂരിറ്റി കൺട്രോൾ വിഭാഗത്തിന് ലഭിക്കണമെന്നും നിർദേശമുണ്ട്.