പൊതുവേദിയിൽ യുവതിയുടെ ഹിജാബ് വലിച്ചൂരിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി
.
വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചൂരിയ സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി. സമാജ് വാദി പാർട്ടി നേതാവ് സുമയ്യ റാണയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മുഖ്യമന്ത്രി പോലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുകയാണെന്നും സംഭവം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സുമയ്യാ റാണ ആരോപിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി ബിജെപി രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം. ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന സർക്കാർ പരിപാടിയിൽ വെച്ചാണ് യുവതിയുടെ ഹിജാബ് മുഖ്യമന്ത്രി നിതീഷ് കുമാർ പിടിച്ചുതാഴ്ത്തിയത്.

നിയമന ഉത്തരവ് ഏറ്റ് വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.




