ബാലുശ്ശേരിയിൽ യുഡിഎഫ് റാലിക്കിടെ കോൺഗ്രസ് പ്രവർത്തകൻ അധ്യാപികയോട് അപമര്യാദയായി പെരുമാറിയതായി പരാതി
കോഴിക്കോട്: ബാലുശ്ശേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് കോൺഗ്രസ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയതായി പരാതി. പൂക്കാടുനിന്ന് നന്മണ്ടയിലെ ബന്ധുവിന്റെ മരണവീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു യുവതിയും മകനും. യുഡിഎഫ് പ്രകടനത്തിനിടെ ഗതാഗത തടസം ഉണ്ടാവുകയും ഇതിനാൽ സ്കൂട്ടർ പതുക്കെ പ്രകടനത്തിന് സമാന്തരമായി പോകുന്നതിനിടെ ആണ് പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചത്.
യുവതി സ്കൂട്ടറിൽനിന്നിറങ്ങി അപമര്യാദയായി പെരുമാറിയ കോൺഗ്രസ് പ്രവർത്തകനെ ചോദ്യം ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇടപെട്ട് യുവതിയെ സംരക്ഷിക്കുകയും സ്റ്റേഷനിൽ പോയി പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്തു. പനായി സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് മോശമായി പെരുമാറിയതെന്നാണ് പൊലീസിന് സംശയം.




