മുത്താമ്പി ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയതായി പരാതി

കൊയിലാണ്ടി: മുത്താമ്പി ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. പ്രദേശവാസികൾ ദുരിതത്തിൽ. ദുർഗന്ധം കാരണം പരിസരത്ത് നിൽക്കാനാവാത്ത അവസ്ഥയാണ്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം
ടാങ്കർ വണ്ടിയിലാണ് മാലിന്യം എത്തിച്ചതെന്നാണ് അറിയുന്നത്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപകമായി മാറുന്ന സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മാലിന്യ മുക്ത നഗരത്തിൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇതിനായി സിസിടിവി പരിശോധനയുൾപ്പെടെയുള്ളവ നടത്തണമെന്ന് പ്രഭാത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി. കെ. ജയദേവൻ, ടി.കെ. മോഹനൻ, എം.എം. ശ്രീധരൻ എന്നിവരാവശ്യപ്പെട്ടു.
വിവിധയിടങ്ങളിൽ ഇതുപോലെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പല തവണ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിഴ ഈടാക്കിവിടുകയാണ് പതിവ്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
