തിക്കോടി അടിപ്പാതയ്ക്കായി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

പയ്യോളി: തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി കർമസമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ആർ വിശ്വൻ, കെ പി നാരായണൻ, പി വി റംല, ബിജു കളത്തിൽ, ഭാസ്കരൻ തിക്കോടി, കെ കെ ഷാഹിദ, ശ്രീധരൻ ചെമ്പുഞ്ചില എന്നിവർ സംസാരിച്ചു.

റോഡിന് ഇരുവശവും വൻ മതിലുകൾ കെട്ടി വേർതിരിച്ച തിക്കോടി പ്രദേശം ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിപ്പാത അനുവദിച്ചുകൊണ്ട് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം കർമസമിതി ഭാരവാഹികൾ കലക്ടർക്ക് സമർപ്പിച്ചു. സന്തോഷ് തിക്കോടി സ്വാഗതവും കൺവീനർ കെ വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
