പന്തലായനി കൂമൻതോട് റോഡിൽ ബോക്സ് കൾവെർട്ടിന് കലക്ടർ അനുമതി നൽകി അനുമതി

കൊയിലാണ്ടി: പന്തലായനി കൂമൻതോട് റോഡിൽ യാത്രാ പ്രശ്നം പരിഹരിക്കാൻ ബോക്സ് കൾവെർട്ട് അനുവദിച്ചതായി എംഎൽഎ കാനത്തിൽ ജമീലക്ക് കലക്ടറുടെ ഉറപ്പ് ലഭിച്ചു. സമരപന്തലിൽ എത്തി എംഎൽഎ പ്രഖ്യാപനം നടത്തി. ഇതോടെ സമരസമിതി നടത്തിയ ഐതിഹാസികമായ സമരം വിജയിച്ചിരിക്കുകയാണ്. ബൈപ്പാസ് നിർമ്മാണവുമായ ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കപ്പട്ടതോടെ കഴിഞ്ഞ രണ്ട് മാസത്തോളമായി ജനങ്ങൾ സമരസമിതി രൂപീകരിച്ച് ശക്തമായ സമരത്തിലായിരുന്നു. പി. ചന്ദ്രശേഖരൻ കൺവീനറായി നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരങ്ങൾ നടന്നുവരികയായിരുന്നു.

സഞ്ചാരം മുടങ്ങിയതോടെ പന്തലായനി ഹയർസെക്കണ്ടറി സ്കൂളിലേക്ക് പോകേണ്ട ആയിരക്കണക്കിനു കുട്ടികളുടെ ഭാവി തന്നെ തുലാസിലായിരുന്നു. കൂടാതെ കൊയിലാണ്ടി താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി ബോയസ് ഹയർസെക്കണ്ടറി സ്കൂൾ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനാകാതെ നാടാകെ പെരുവഴിയിലായ അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ജനകീയ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നു വന്നത്.

സമരസമിതിയുടെ നേതൃത്വത്തിൽ എം.എൽ.എ, ജില്ലാ കലക്ടർ, എൻ.എച്ച്.എ.ഐ അധികൃതർ എന്നിവർക്ക് നാടിൻ്റെ പ്രശ്നം മുൻനിർത്തി. നിവേദനം കൊടുക്കുകയൂണ്ടായി. തുടർന്ന് എം.എൽ.എ. ജില്ലാ കലക്ടറുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തുകയും ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ തന്നെ സ്ഥലത്ത് നേരിട്ട് സന്ദർശനം നടത്തി. സമരസമിതി നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തുകയുണ്ടായി. തുടർന്ന് എം.എൽ.എ.യും സമരസമിതിയും തുടർച്ചയായി കലക്ടറെ ബന്ധപ്പെട്ടതിനൊടുവിലാണ് ഇന്ന് എം.എൽ.എക്ക് കലക്ടർ ബോക്സ് കൾവർട്ട് അനുവദിക്കാമെന്ന് ഉറപ്പ് കൊടുത്തത്.

ഇന്ന് വൈകീട്ട് 4 മണിക്ക് എം.എൽ.എ. സ്ഥലത്ത് നേരിട്ടെത്തി പ്രഖ്യാപനം നടത്തുകയായിരുന്നു. വൻ കരഘോഷത്തോടെയാണ് ജനങ്ങൾ എംഎൽഎയുടെ പ്രഖ്യാപനത്തെ എതിരേറ്റത്. ഇതോടെ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യം സഫലീകരിച്ചിരിക്കുയാണ്.

.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വാർഡ് കൌൺസിലറും സമരസമിതി ചെയർമാനുമായ പ്രജിഷ പി, സമരസമിതി കൺവീനർ പി. ചന്ദ്രശേഖരൻ, കൌൺസിലർ കെ. എം. സുമതി മറ്റ് സമരസമിതി ഭാരവാഹികളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെട വൻ ജനാവലി പ്രഖ്യാപന പൊതുയോഗത്തിൽ പങ്കെടുത്തു. താമസിയാതെ തന്നെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
