തീരദേശ ഹൈവേ: കൊല്ലം നിവാസികൾ പ്രക്ഷോഭത്തിലേക്ക്
 
        കൊയിലാണ്ടി: തീരദേശ ഹൈവേ നിർമ്മാണ വിഷയത്തിൽ അധികൃതർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് കൊല്ലം പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനവാസ കേന്ദ്രത്തിൽ കൂടി വരുന്ന തീരദേശ ഹൈവേയുടെ രൂപരേഖ പുന: പരിശോധിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണമെന്നുമുള്ള പ്രാഥമിക ആവശ്യം പോലും അധികൃതർ മുഖവിലക്കെടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതി നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 

പ്രക്ഷോഭ മുന്നോടിയായി വിശദമായ നിവേദനം അധികൃതർക്ക് സമർപ്പിക്കും. ന്യായമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ വഴി സ്വീകരിക്കും. ജനകീയ സമിതി യോഗത്തിൽ ചെയർമാൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ എം നജീബ്, വി വി ഫക്രുദ്ദീൻ, ജനകീയ സമിതി കൺവീനർ അഡ്വ. ടി കെ മുഹമ്മദ് റാജിഫ്, ഷരീഫ് തമർ, കെ അബ്ദുൽ സമദ്, മൻസൂർ ഇർഷാദ്, പി ഇബ്രാഹീം, തൻഹീർ കൊല്ലം, കെ വി ജുനൈസ്, സൈന ചന്ദ്രൻ, പി അശ്റഫ് എന്നിവർ സംസാരിച്ചു.


 
                        

 
                 
                