KOYILANDY DIARY.COM

The Perfect News Portal

തീരദേശ ഹൈവെ: ബേപ്പൂരിനെയും ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയെയും ബന്ധിപ്പിക്കുന്ന പാലം വരുന്നു

ഫറോക്ക് തീരദേശ ഹൈവേയുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിൽ ഉൾപ്പെടുന്ന ബേപ്പൂരിനെയും ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയെയും ബന്ധിപ്പിക്കുന്ന പാലം വരുന്നു. ബേപ്പൂർ ബിസി റോഡിന് സമീപത്തെ കക്കാടത്തുനിന്ന്‌ കരുവൻതിരുത്തി മഠത്തിൽപാടത്ത്‌ എത്തുംവിധം ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിൽ അത്യാധുനിക രീതിയിൽ “എക്സ്ട്രാ ഡോസ്ഡ്’ പാലം നിർമിക്കുന്നതിന് 189.23 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. സ്ഥലമെടുപ്പിനായി 4.43 കോടി രൂപ കിഫ്ബിയിൽനിന്ന്‌ അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാവും.
.
.
ദേശീയപാത 66 നവീകരണത്തിനൊപ്പം റോഡ് ഗതാഗതരംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന ഏറ്റവും വലുതും കേരളത്തിലെ പ്രഥമ എക്സ്ട്രാ ഡോസ്ഡ്’ പാലവുമാകുമിത്. 
പാലം നിർമാണത്തിനായുള്ള മണ്ണ്, ജലം പരിശോധനകളും അപ്രോച്ച് റോഡ് അലെയ്‌ൻമെന്റ്‌, ഏറ്റെടുക്കേണ്ട ഭൂമി തിട്ടപ്പെടുത്തി നിശ്ചയിക്കൽ തുടങ്ങിയ നടപടികളും നേരത്തെ പൂർത്തിയാക്കിയിരുന്നു.
.
.
സ്പാനുകളുടെ നീളം പരമാവധി കൂട്ടിയും പുഴയിൽ തൂണുകൾ കുറച്ചും വിദേശ മാതൃകയിൽ നിർമിക്കുന്നതാണ് ‘എക്സ്ട്രാ ഡോസ്ഡ്’ പാലം. ബേപ്പൂരിൽ നിർമിക്കുന്ന പുതിയ പാലം ടൂറിസം, വാണിജ്യം, വ്യവസായം, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾക്കുകൂടി കരുത്താകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Share news