KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തിന്‌ 500 മെഗാവാട്ടിനുള്ള
കൽക്കരി അനുവദിച്ചു

തിരുവനന്തപുരം: 500 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കൽക്കരി ലഭ്യമാകുന്നതെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഈ കൽക്കരി ഉപയോഗിച്ച്‌ രാജ്യത്തെ കൽക്കരി നിലയങ്ങളിൽനിന്ന്  വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ ലഭ്യമാക്കാനുള്ള കരാറിൽ സംസ്ഥാനം ഏർപ്പെടും.

 

സംസ്ഥാന സർക്കാരും കെഎസ്ഇബിയും കൽക്കരി കമ്പനിയും വൈദ്യുതനിലയവും തമ്മിലുള്ള കരാറിലൂടെയാണ് വൈദ്യുതി ലഭ്യമാക്കുക. 2025 ജനുവരിക്കു മുമ്പ് ഇതിനുള്ള ടെൻഡർ നടപടി ആരംഭിക്കുമെന്നും 2025 ആഗസ്‌ത്‌ മുതൽ വൈദ്യുതി ലഭ്യമായിത്തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തിന് 2031–-32ഓടെ 1473 മെഗാവാട്ട്‌ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ആവശ്യമായി വരുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

 

നിലവിലെ ലഭ്യത 400 മെഗാവാട്ട് മാത്രമാണ്. ശക്തി ബി 4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കൽക്കരി അനുവദിക്കാവുന്നതാണെന്ന് സെൻട്രൽ ഇലക്‌ട്രിസിറ്റി ഏജൻസിയും നിതി ആയോഗും ശുപാർശ ചെയ്‌തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് അനുവദിച്ചത്‌. കോൾ ഇന്ത്യയുടെ കൽക്കരിപ്പാടത്തിൽനിന്നായിരിക്കും ജി13 ഗ്രേഡിലുള്ള കൽക്കരി ലഭ്യമാകുക. 

Advertisements

 

സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്ര ഊർജമന്ത്രാലയത്തെ അറിയിച്ചിരുന്നു.

 

 

Share news