KOYILANDY DIARY.COM

The Perfect News Portal

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തീരദേശങ്ങളിൽ ശുചീകരണം നടത്തി

കൊയിലാണ്ടി: കേരള സർക്കാർ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷൻ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരദേശങ്ങളിൽ ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധയാകർഷിച്ചു. മണ്ഡലതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് കൊയിലാണ്ടി ഹാർബറിൽ വെച്ച് നിർവ്വഹിച്ചു. കൗൺസിലർ റഹ്‌മത്ത് അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ തീരദ്ദേശ വാർഡുകളിലെ കൗൺസിലർമാർ, ഫിഷറീസ് വകുപ്പ് ജീവനക്കാർ, സഹകരണ സംഘം പ്രതിനിധികൾ, ജീവനക്കാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, മുനിസിപ്പാലിറ്റി അധികൃതർ, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം, ഹെൽത്ത് വിഭാഗം, ഹരിതകർമ്മസേന, സീ റസ്ക്യു സ്ക്വാഡ്,  NSS , JRC വളണ്ടിയർമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കാളികളായി. 
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പാലക്കുളം ബീച്ച് മുതൽ ഷെയ്ഖ് അബുബക്കർ മസ്ജിദ് വരെയുള്ള 6 കേന്ദ്രങ്ങളിലായാണ് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തിയത്. ഓരോ വാർഡ് തലത്തിലും അതത് വാർഡുകളിലെ കൗൺസിലർമാർ ഉദ്ഘാടനം നിർവ്വഹിച്ചു. 6 കേന്ദ്രങ്ങളിൽ നിന്നുമായി ഏകദേശം 3 ടണ്ണിലധികം പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും ക്ലീൻ കേരളയ്ക്ക് കൈമാറാനുള്ള നടപടികളും സ്വീകരിച്ചു.
Share news