ക്ലാസ് മുറികൾ സർഗാത്മകമാകണം; ബെന്യാമിൻ

കോഴിക്കോട്: ക്ലാസ് മുറികൾ സർഗാത്മകമാകേണ്ടതുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അധ്യാപകർ സാഹിത്യ നഗരിയിൽ എത്തുമ്പോൾ’ എഴുത്തുകാരായ അധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ സർഗാത്മക ചിന്ത ഉണർത്തുന്നവരാവണം അധ്യാപകർ. പക്ഷേ പാഠഭാഗങ്ങൾ തീർക്കേണ്ടതിന്റെയും കുട്ടികളെയും രക്ഷിതാക്കളെയും കൈകാര്യം ചെയ്യുന്നതിന്റെയുമെല്ലാം സമ്മർദമുള്ളതിനാൽ നമ്മുടെ ക്ലാസ് മുറികൾ സർഗാത്മകമല്ല.

ഓർമിക്കത്തക്ക വിധം കുട്ടികളുടെ മനസ്സിൽ മിക്ക അധ്യാപകരും ഇടംനേടുന്നില്ല. അധികാര ചിഹ്നങ്ങൾ ആവാത്ത, സ്നേഹം പകരുന്ന അധ്യാപകൻ എന്നും കുട്ടിയുടെ മനസ്സിൽ ജീവിക്കും. ഓരോ വിദ്യാർത്ഥിയെയും സവിശേഷമായി കണ്ട് ഏറ്റവും ഔന്നത്യത്തിലേക്ക് എത്തിക്കാൻ കഴിയുന്നതാവണം വിദ്യാഭ്യാസം. നിരന്തരം പുതുക്കപ്പെടുന്നവരാവണം അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. ‘അക്ഷരവും അധ്യാപകരും’ വിഷയത്തിൽ പി രാമനും സംസാരിച്ചു. എഴുത്തുകാരൻ എ കെ അബ്ദുൾ ഹക്കീം മോഡറേറ്ററായി.


സബ് കമ്മിറ്റി ചെയർമാൻ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗം വി പി മനോജ്, ജില്ലാ സെക്രട്ടറി ആർ എം രാജൻ, ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എൺപതോളം എഴുത്തുകാരായ അധ്യാപകർ പങ്കെടുത്തു. കെ എൻ സജീഷ് നാരായണൻ സ്വാഗതവും പി ടി ഷാജി നന്ദിയും പറഞ്ഞു.

