KOYILANDY DIARY

The Perfect News Portal

ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ വിസമ്മതിച്ചതിനെച്ചൊല്ലി സംഘർഷം

ഓട്ടോറിക്ഷ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ. കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും ബന്ധുക്കളും. ഇന്ന് രാവിലെ കുഴഞ്ഞ് വീണ് മരിച്ച കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളിയായ കൂട്ടുംമുഖത്ത് ജിനേഷിന്റെ മൃതദേഹമാണ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ എത്തിച്ചപ്പോള്‍ സാധ്യമല്ലെന്ന് പറഞ്ഞതിനെചൊല്ലി സംഘർഷം ഉണ്ടായത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ബന്ധുക്കളും സൂപ്രണ്ടിനെ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാക്കളായ എൻ. ബിജീഷ്, എസ്. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സൂപ്രണ്ടിനെ തടഞ്ഞുവെച്ചത്.
മരിച്ച ജിനേഷിന് വയസ്സ് കുറവാണെന്ന് പറഞ്ഞാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാൻ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. എന്നാൽ ആശുപത്രി സ്റ്റാഫിന്റെ റിട്ടയര്‍മെൻ്റ് പരിപാടി ഉള്ളതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താൻ തയ്യാറാകാത്തതെന്ന് രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ യും ആരോപിച്ചു. ഒടുവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കൊയിലാണ്ടി കൂട്ടുംമുഖത്ത് ജിനേഷ് (47) ആണ് കുഴഞ്ഞു വീണ് മരിച്ചത്. പരേതനായ ഗോവിന്ദൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രജിന, മക്കൾ: ശിവാനി, അനാമിക. സഹോദരങ്ങൾ: നിജീഷ്, ശ്രീനി, ബാബു, സുനിത, ഷിബിഷ, പരേതരായ സുനി, അനിൽ കുമാർ.