നരേന്ദ്രമോദിയുടെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത മത മേലധ്യക്ഷൻമാരെ രൂക്ഷമായി വിമർശിച്ച് ക്രൈസ്‌തവ സംഘടനകൾ
ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരായ കടന്നാക്രമണം രൂക്ഷമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത മത മേലധ്യക്ഷൻമാരെ രൂക്ഷമായി വിമർശിച്ച് ക്രൈസ്‌തവ സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം. ഇന്ത്യയിൽ ക്രൈസ്‌തവർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് പാശ്ചാത്യരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പിൽ ക്രൈസ്‌തവ വോട്ടുകൾ തട്ടിയെടുക്കാനുമുള്ള നീക്കമാണിതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണിപ്പുരിൽ ക്രിസ്‌ത്യൻ പള്ളികൾ കത്തിച്ചാമ്പലാകുമ്പോൾ മതമേലധ്യക്ഷർ വിരുന്നിൽ പങ്കെടുത്തത് വിരോധാഭാസമാണ്. മോദിയോട് സംസ്ഥാനം സന്ദർശിക്കണമെന്ന് ബിഷപ്പുമാരടക്കം കേണുപറഞ്ഞിട്ടും ഗൗനിച്ചില്ല. ബിജെപി ഭരിക്കുന്ന യുപിയിൽ മതപരിവർത്തനമാരോപിച്ച് നൂറുകണക്കിന് ബിഷപ്പുമാരെയും വൈദികരെും പാസ്റ്റർമാരെയും വിശ്വാസികളെയും തുറുങ്കിലടച്ചു. അക്രമങ്ങളെ അപലപിക്കാതെ തീവ്രഹിന്ദുത്വ സംഘടനകളെ പിന്തുണയ്‌ക്കുകയാണ് മോദി.


മുസ്ലിങ്ങൾ സുരക്ഷിതരല്ലാത്ത രാജ്യത്ത് ക്രൈസ്‌തവരും സുരക്ഷിതരല്ലെന്ന് തിരിച്ചറിയണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫ. ജോൺ ദയാൽ പറഞ്ഞു. 2024ൽ ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടനപോലും ബാക്കിയുണ്ടാകില്ലെന്ന് ശബ്‌നം ഹാഷ്‌മി പറഞ്ഞത്. സമൂഹ്യപ്രവർത്തകനായ പ്രൊഫ. അപൂർവാനന്ദ്, ഫോറം ദേശീയ കോഓർഡിനേറ്റർ എ സി മൈക്കിൾ, മീനാക്ഷി സിങ്, മേരി സ്‌കറിയ എന്നിവരും സംസാരിച്ചു.

