വടക്കൻ കൊച്ചിയുടെ ജലമെട്രോ ഹബ്ബാകാൻ ഒരുങ്ങി ചിറ്റൂർ
കൊച്ചി: വടക്കൻ കൊച്ചിയുടെ ജലമെട്രോ ഹബ്ബാകാൻ ഒരുങ്ങി ചിറ്റൂർ. ഹൈക്കോർട്ട് ജങ്‌ഷൻ ടെർമിനലിൽനിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള ജലമെട്രോ സർവീസ് ഉടൻ ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതം നടത്തി ജലമെട്രോയുടെ മൂന്നാമത് റൂട്ടിലെ സർവീസ് ആരംഭിക്കാൻ വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനത്തിലാണ് തീരുമാനമായത്.

കൊച്ചി കപ്പൽശാലയിൽനിന്ന് കൂടുതൽ ബോട്ടുകൾ ലഭിക്കുമ്പോൾ സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. ഒപ്പം ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കാനും യോഗം തീരുമാനിച്ചു. ജലമെട്രോയ്‌ക്ക് നൽകാനുള്ള 11 ബോട്ടുകൾ വേഗത്തിൽ കിട്ടാൻ കപ്പൽശാല ചീഫ് മാനേജിങ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. മെട്രോ റെയിലിന് സമാനമായ നിയമനിർമാണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പുരോഗമിക്കുന്ന നടപ്പാതയുടെയും മീഡിയനുകളുടെയും നിർമാണപുരോഗതിയും വിലയിരുത്തി. കൊച്ചി മെട്രോ രണ്ടാഘട്ട നിർമാണം 2026 മാർച്ചിൽ പൂർത്തിയാക്കാൻ കെഎംആർഎൽ ശ്രമിക്കണമെന്ന് നിർദേശിച്ചു. ഫീഡർ സർവീസുകൾക്കായി കെഎംആർഎൽ വാങ്ങുന്ന വൈദ്യുതി ബസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വിനിയോഗിക്കാൻ ഗതാഗതവകുപ്പുമായി ആലോചിക്കും.

കനാൽ പുനരുദ്ധാരണ പദ്ധതി വേഗത്തിലാക്കും. ഇടപ്പള്ളി കനാൽ, നാല് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയുടെ നിർമാണം വേഗത്തിലാക്കാൻ കിഫ്ബിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ, ഡയറക്ടർമാരായ എസ് അന്നപൂരണി, ഡോ. എം പി രാംനവാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

