KOYILANDY DIARY

The Perfect News Portal

വറ്റൽമുളകിന് വില കുതിച്ചുയരുന്നു, സ്റ്റോക്കില്ലെന്ന് സപ്ലൈകോ

വറ്റൽമുളകിന് വില കുതിച്ചുയരുന്നു, സ്റ്റോക്കില്ലെന്ന് സപ്ലൈകോ. പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ലാത്ത അവസ്ഥയാണ്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വിലയേ മുളകിന് സപ്ലൈകോയിലുള്ളു.

കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിൻ്റെ വില. ഇപ്പോഴത് 340 രൂപയായി. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിൻ്റെ വില. പക്ഷെ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് തീര്‍ന്നെന്നാണ് വിശദീകരണം. ആന്ധ്രയില്‍ മഴകാരണം കൃഷി നശിച്ചതാണ് പൊതുവിപണിയില്‍ മുളകിന് വില കൂടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.