KOYILANDY DIARY.COM

The Perfect News Portal

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, അമ്മയുടെ അമ്മ എന്നിവരെ ചോദ്യംചെയ്യുന്നു.

കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുട്ടി കരഞ്ഞതായും അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

 

ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന് പിന്‍ഭാഗത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. കുട്ടി അവിടെ വീണു പോയോ എന്നുള്ള സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് കുടുംബം 30 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് പോലീസ് കേസെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.

Advertisements
Share news