KOYILANDY DIARY

The Perfect News Portal

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഖര – ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മനോഭാവവും ശീലവും മാറ്റുന്നതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടിയാണ് കൊയിലാണ്ടി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികളുടെ ഹരിത സഭ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുകയും ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച അവബോധം പുതുതലമുറയിലും കുട്ടികളിലും വളർത്തുന്നതിനായും കുട്ടികളുടെ ഹരിതസഭ ശ്രദ്ധേയമായി.
 നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 23 സ്കൂളിൽ നിന്നായി 367 കുട്ടികൾ കുട്ടികളുടെ ഹരിത സഭയിൽ പങ്കെടുത്തു. കുട്ടികളുടെ പാനൽ പ്രതിനിധികളാണ് ഹരിത സഭ നിയന്ത്രിച്ചത്.   23 സ്കൂളുകളിൽ നിന്നും ശുചിത്വ പരിപാലന റിപ്പോർട്ട് കുട്ടികളുടെ ഹരിത സഭ മുമ്പാകെ അവതരിപ്പിക്കുകയും ക്രോഡീകരിച്ച റിപ്പോർട്ടിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ മറുപടി പറഞ്ഞു. കുട്ടികളുടെ പാനൽ പ്രതിനിധികൾ
ഏറ്റവും നല്ല അവതരണത്തിന് സമ്മാനം നൽകുകയും മുഴുവൻ സ്കൂളുകൾക്കും പങ്കെടുത്ത വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
സർട്ടിഫിക്കറ്റ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണം നടത്തി. ശുചിത്വ പ്രതിജ്ഞ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിജില പറവക്കൊടി ചൊല്ലി കൊടുത്തു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കില ഫെസിലിറ്റേറ്റർ കെ.പി ദിലീപ് കുമാർ , KSWMP സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ജാനറ്റ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചിത്വമിഷൻ ആർ പി മാർ നവകേരള മിഷൻ ആർപി മാർ, എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS  നന്ദിയും പറഞ്ഞു.