തുരങ്കുത്തിനുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ: ലൈറ്റും പോയി: തുരങ്കത്തിലൂടെ നടന്ന് പുറത്തെത്തി യാത്രക്കാർ
.
തുരങ്കപാതയ്ക്കുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ. ചൊവ്വാഴ്ച അതിരാവിലെയാണ് ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. തുരങ്കത്തിനുള്ളിൽ ട്രെയിൻ നിന്നു പോയതിനെ തുടർന്ന് ട്രെയിനിലെ വൈദ്യുതി ബന്ധവും നിലയ്ക്കുകയുണ്ടായി. തുടർന്ന് യാത്രക്കാർ തുരങ്കത്തിനുള്ളിലൂടെ നടന്ന് പുറത്തെത്തുകയായിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള മെട്രോ ലൈനിലാണ് സംഭവം. ഇവിടുത്തെ സെൻട്രൽ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലാണ് ട്രെയിൻ കുടുങ്ങിയത്. സാങ്കേതികപ്രശ്നങ്ങൾ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

ട്രെയിൻ പെട്ടന്ന് നിന്നുപോകുകയായിരുന്നുവെന്നും പിന്നാലെ വൈദ്യുതി ബന്ധം പോയെന്നും ട്രെയിനിലെ യാത്രക്കാർ പറഞ്ഞു. ട്രെയിൻ നിലച്ച് ഏകദേശം പത്തുമിനിറ്റിനു ശേഷം നടന്ന് ഹൈക്കോടതി സ്‌റ്റേഷനിലെത്താൻ അറിയിപ്പ് ലഭിച്ചുവെന്നും ട്രെയിനിലെ യാത്രക്കാർ സംഭവത്തെ പറ്റി വിശദീകരിച്ചു. ട്രെയിൻ ലൈനിൽനിന്ന് പിൻവലിച്ചെന്നും രാവിലെ 6.20 ഓടെ സർവീസ് പുനഃസ്ഥാപിച്ചുവെന്നും യാത്രക്കാർക്ക് നേരിട്ട ക്ലേശത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നൈ മെട്രോ റെയിൽ അധികൃതർ അറിയിച്ചു.




