KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സർക്കാറിന്‍റെ സ്വരാജ് ട്രോഫി ജില്ലയിൽ ഒന്നാം സ്ഥാനം ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്

പുരസ്കാര നിറവിൽ വീണ്ടും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംസ്ഥാന സർക്കാറിന്‍റെ 22-23 വർഷത്തെ സ്വരാജ് ട്രോഫി ജില്ലയിൽ വീണ്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെ തേടിയെത്തി. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സുസ്ഥിര ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തന മികവാണ് ഇത്തവണ അവാർഡിന് മുഖ്യമായും പരിഗണിക്കപ്പെട്ടത്. അതോടൊപ്പം വികസന പദ്ധതികള്‍ നിർവ്വഹണം നടത്തുന്നതിനും കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളും പരിഗണിക്കപ്പെട്ടു.
ദാരിദ്ര്യ നിർമ്മാർജനം സമഗ്ര ആരോഗ്യ പരിപാടികള്‍, ശിശു സൌഹൃദ പരിപാടികള്‍, ശുചിത്വവും മാലിന്യ നിർമാർജ്ജനവും ഉറപ്പ് വരുത്തുന്ന പദ്ധതികള്‍ എന്നിവ ഗ്രാമപഞ്ചായത്ത് മുൻ വർഷം ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉള്‍പ്പെട്ട സദ്ഭരണം എന്ന വിഷയത്തിൽ ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന ദേശീയ ശിൽപശാലയിലും ശിശു സൌഹൃദ ഗ്രാമപഞ്ചായത്ത് എന്ന വിഷയത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ ശിൽപശാലയിലും പാനൽ പ്രതിനിധിയായി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് പങ്കെടുത്തിരുന്നു.
മുൻ വർഷത്തിൽ സംരംഭകത്വ പ്രവർത്തനങ്ങളിലും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, സബ്സിഡി വിതരണത്തിലും ഗ്രാമപഞ്ചായത്ത് വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പ്രത്യേക പരിഗണന അർഹിക്കുന്ന വയോജനങ്ങള്‍ ഭിന്നശേഷിക്കാർ കിടപ്പ് രോഗികള്‍ കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിനും ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കി. അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് സർവ്വേയിലൂടെ കണ്ടെത്തിയ മുഴുവൻ ഗുണഭോക്താക്കള്‍ക്കും മൈക്രോ പ്ലാൻ തയ്യാറാക്കി പദ്ധതികള്‍ നടപ്പിലാക്കി
ശുചിത്വ ഗ്രാമം സൃഷ്ടിക്കുന്നതിനും മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിനും ഗ്രാമപഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകിയത്. ഹരിത കർമ്മ സേന കവറേജ് 100 % എത്തിക്കുന്നതിനും ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് വഴി QR കോഡ് പതിച്ച്  മാലിന്യ ശേഖരണം ആരംഭിക്കുന്നതിനും പഞ്ചായത്തിന് കഴിഞ്ഞു. ശുചിത്വ മേഖലയിൽ ദേശീയപാതയോരത്ത് വിശ്രമ മുറിയും പൊതു ശൌചാലയവും അടങ്ങിയ ടേക്ക് എ ബ്രേക്ക് സമുച്ചയം നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ ഉള്‍പ്പെട്ട ഭവന രഹിതരായ മുഴുവൻ ഗുണഭോക്താക്കള്‍ക്കും നടപ്പു വർഷം തന്നെ വീട് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ച് കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര വിദ്യഭ്യാസ പദ്ധതി പ്രവർത്തനങ്ങളും സദ്ഭരണവും മുൻ നിർത്തി കിലയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിനെ പഞ്ചായത്ത്  ലേണിംഗ് സെന്‍ററായി തെരഞ്ഞെടുത്തിരുന്നു.
ഗ്രാമപഞ്ചായത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വികസന ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് ശ്രമിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കരസ്ഥമാക്കാൻ ഗ്രാമപഞ്ചായത്തിനോടൊപ്പം നിന്ന ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി പ്രസിഡണ്ട് സതി കിഴക്കയിൽ പറഞ്ഞു.
Share news