തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും
.
പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും. വൈകിട്ട് മൂന്നിന് പമ്പയിൽനിന്ന് പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന. 27ന് ഉച്ചയ്‌ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് 23ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ശബരിമലയിലെത്തുന്നത്. ആറന്മുളയിൽ തങ്ക അങ്കി ദർശിക്കാനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. 400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം പത്തനംതിട്ട എആർ ക്യാമ്പിലെ സായുധ പൊലീസ് സംഘവുമുണ്ട്.

ചൊവ്വാഴ്‌ച ഘോഷയാത്ര ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം ബുധനാഴ്ച രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിച്ചു. വ്യാഴാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം വെള്ളിയാഴ്ച രാവിലെ ഏഴിന് പുറപ്പെട്ടാണ് പകൽ ഒന്നോടെ പമ്പയിലെത്തുന്നത്.




