KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം കുര്‍ള നേത്രാവതി എക്സ്പ്രസിന്റെ യാത്രയില്‍ മാറ്റം; പന്‍വേലില്‍ നിന്ന് ആരംഭിക്കും

ഒരു മാസത്തേക്ക് യാത്രയിൽ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അറിയിച്ചു. കേടായ ലോകമാന്യ തിലക് ടെര്‍മിനലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസത്തേക്ക് സെന്‍ട്രല്‍ റെയില്‍വേ പന്‍വേല്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ ഷോര്‍ട്ട് ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള മത്സ്യഗന്ധ എക്സ്പ്രസും പന്‍വേലില്‍ നിന്നാകും സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് 16346 നേത്രാവതി എക്സ്പ്രസും 12620 മത്സ്യഗന്ധയും ജൂണ്‍ 30 മുതല്‍ 2024 ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. അതേസമയം തിരിച്ചുള്ള 16345 നേത്രാവതി എക്സ്പ്രസും 12619 മത്സ്യഗന്ധയും ജൂലൈ 1 മുതല്‍ 30 വരെ സര്‍വീസ് പന്‍വേലില്‍ നിന്നാകും.