KOYILANDY DIARY.COM

The Perfect News Portal

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ്‌ ബ്രിഡ്‌ജിൽ ചാളച്ചാകര

ചാവക്കാട്: കൗതുകക്കാഴ്‌ചയായി ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ്‌ ബ്രിഡ്‌ജിലെ ചാളച്ചാകര. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ചാള ചാടിക്കയറുകയായിരുന്നു. ചാകരയിൽ കരയിലേക്ക് മത്സ്യങ്ങൾ തിരമാലയ്‌ക്കൊപ്പം അടിച്ചു കയറുന്നത് തീരത്തെ സാധാരണ കാ‌ഴ്ചയാണെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്‌ജിലേക്ക് കയറിയത് രസകരമായ കാഴ്‌ചയായിരുന്നു.
തിരക്കില്ലാത്ത നേരത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും ചാള, പാലം കയറിയകാഴ്‌ച മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹമാധ്യങ്ങളിൽ പ്രചരിച്ചതോടെ നിരവധിയാളുകൾ തീരത്തേക്കെത്തി. സഞ്ചിയിലും ബാഗിലും കവറിലുമൊക്കെയായി  ആളുകൾ വാരിയെടുക്കുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച സന്ദർശകർക്കായി തുറന്നു കൊടുത്ത, തിരമാലകൾക്കു മുകളിലൂടെ നടക്കാനുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ കയറാനെത്തിയവർ ശുദ്ധമായ കടൽമത്സ്യങ്ങളുമായാണ് മടങ്ങിയത്.

 

Share news