‘വേതനം തരാതെ കേന്ദ്രം ജോലി ചെയ്യിക്കുന്നു’; മോദി സർക്കാരിനെതിരെ ആശ വർക്കർമാരുടെ സമരം ശക്തം

കേന്ദ്ര സർക്കാർ വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം. വിവിധ കേന്ദ്രങ്ങളിൽ ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു) യുടെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് ആദായ നികുതി ഓഫീസിലേക്കായിരുന്നു മാർച്ച്. മാർച്ചിനെ അഭിസംബോധന ചെയ്ത് അഖിലേന്ത്യാ പ്രസിഡണ്ട് പി പി പ്രേമ സംസാരിച്ചു.

ആശമാരെ കേന്ദ്ര സര്‍ക്കാരാണ് തൊഴിലാളിയായി അംഗീകരിക്കേണ്ടതെന്ന് അവർ പറഞ്ഞു. മിനിമം ശമ്പളം പോലും കേന്ദ്രം നല്‍കുന്നില്ല. ആശ്വാസ കിരണ്‍ ഇന്‍ഷുറന്‍സ് സ്‌കീം കേന്ദ്രം ഒഴിവാക്കി. ആശമാരെ കൊണ്ട് അമിത ജോലി എടുപ്പിക്കുകയാണ് കേന്ദ്രം. നേരത്തേ യു ഡി എഫ് സർക്കാരും ഇപ്പോൾ മോദി സര്‍ക്കാരും എടുക്കുന്നത് ഒരേ നിലപാടാണെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരാണ് ആശമാരെ സംരക്ഷിക്കുന്നത്. ജോലി ഭാരം ദിനം തോറും കൂടുന്നു. ജോലി ഭാരം കൂട്ടുന്നത് കേന്ദ്രം അവസാനിപ്പിക്കണം. യു ഡി എഫ് സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരെ നിയമിച്ചില്ല. നിയമന നിരോധനത്തിന് ശേഷം, വി എസ് സര്‍ക്കാരിന്റെ കാലത്താണ് ആശമാരെ തെരഞ്ഞെടുത്തത്. യു ഡി എഫ് കാലത്ത് ബെഡ് ഷീറ്റ് അലക്കുന്ന ജോലി വരെ ചെയ്തിട്ടുണ്ട്. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഉത്സവ ബത്ത തന്നു. ഓണറേറിയം നല്‍കണമെന്ന് വി എസ് സര്‍ക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ടു. ഉടനെ 300 രൂപ വര്‍ധിപ്പിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 14 മാസം ഓണറേറിയം തന്നില്ല.

ഓണറേറിയം വര്‍ധനയെ കുറിച്ച് ചോദിച്ചപ്പോള്‍ അന്നത്തെ ആരോഗ്യ മന്ത്രി ശിവകുമാര്‍ പറഞ്ഞത് ‘ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല’ എന്നാണ്. 6,000 രൂപ തരും എന്ന് പറഞ്ഞു ഉമ്മന്‍ ചാണ്ടി കബളിപ്പിച്ചു. ഒരു രൂപ പോലും ചാണ്ടി സര്‍ക്കാര്‍ കൂട്ടിയില്ല. പിണറായി സര്‍ക്കാരാണ് ആശ്വാസ നടപടി സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 6,000 രൂപ കൂട്ടി. രണ്ടാം പിണറായി സര്‍ക്കാര്‍ 1,000 രൂപയും കൂട്ടി. ആശുപത്രിയുടെ ഭാഗമാണ് ആശമാര്‍ എന്ന് ബോധ്യം പിണറായി സര്‍ക്കാര്‍ നല്‍കിയെന്നും അവർ പറഞ്ഞു.

